ജർമനി തെരഞ്ഞെടുപ്പ് ചൂടിൽ ജനപ്രീതി ഇടിഞ്ഞെങ്കിലും മെർകലിന് ശുഭാപ്തി
text_fieldsബർലിൻ: പുതിയ പാർലമെൻറ് തെരഞ്ഞെടുപ്പിനായി ജർമൻ ജനത ഇൗ മാസം 24ന് പോളിങ് ബൂത്തിലേക്ക്. നിലവിലെ ചാൻസലർ അംഗല മെർകൽ നാലാമൂഴം തേടിയാണ് മത്സരത്തിനിറങ്ങുന്നത്. ഫ്രാൻസ് തെരഞ്ഞെടുപ്പിനും ബ്രെക്സിറ്റിനും ശേഷം യൂറോപ്പ് ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണിത്. രാജ്യത്തെ സാമ്പത്തികനില ഭദ്രമാക്കാൻ മെർകലിന് കഴിഞ്ഞിട്ടുണ്ടെങ്കിലും 2015ലെ അഭയാർഥി പ്രതിസന്ധിയെ തുടർന്ന് അവരുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞിരുന്നു. ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂനിയൻ (സി.ഡി.യു) സ്ഥാനാർഥിയായ മെർകലിെൻറ വിജയമാണ് യൂറോപ്യൻ യൂനിയൻ ആഗ്രഹിക്കുന്നത്.
സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ (എസ്.പി.ഡി) ടിക്കറ്റിൽ മത്സരിക്കുന്ന മാർട്ടിൻ ഷൂൾസാണ് മെർകലിെൻറ പ്രധാന എതിരാളി. മുൻ യൂറോപ്യൻ പാർലമെൻറ് പ്രസിഡൻറായിരുന്നു ഇദ്ദേഹം. അതുകഴിഞ്ഞാൽ 2007ൽ രൂപവത്കരിച്ച കേവലം 10 ശതമാനം മാത്രം വിജയസാധ്യതയുള്ള ഡീ ലിങ്ക്, ഫ്രീ ഡെമോക്രാറ്റ്സ് (എഫ്.ഡി.പി), ദ ഗ്രീൻസ്,ബ്രെക്സിറ്റിനെയും ഡോണൾഡ് ട്രംപിനെയും പിന്തുണക്കുന്ന ആൾട്ടർനേറ്റിവ് ഫോർ ഡച്ചസ്ലാൻഡ് (എ.എഫ്.ഡി) എന്നീ പാർട്ടികളും മത്സരരംഗത്തുണ്ട്.
ആറുകോടി വോട്ടർമാരാണ് രാജ്യത്തുള്ളത്. രണ്ടു വോട്ട് ചെയ്യാനുള്ള ബാലറ്റ് പേപ്പറാണ് വോട്ടർമാർക്ക് ലഭിക്കുക. ഒന്ന്, പ്രാദേശിക പ്രതിനിധിയെ തിരഞ്ഞെടുക്കാൻ. അടുത്തത് പാർട്ടിയെ തിരഞ്ഞെടുക്കാനും. 598 അംഗങ്ങളടങ്ങുന്നതാണ് ജർമൻ പാർലമെൻറ്. അതിൽ 299 മണ്ഡലങ്ങളിൽ നിന്ന് അംഗങ്ങളെ നേരിട്ട് തെരഞ്ഞെടുക്കും. അവശേഷിക്കുന്നവരെ പാർട്ടികളും. 2013ൽ നടന്ന തെരഞ്ഞെടുപ്പിൽ സി.ഡി.യു-സി.എസ്.യു സഖ്യത്തിന് 236 വോട്ടുകൾ ലഭിച്ചു. എസ്.പി.ഡിക്ക് 58ഉം മറ്റു പാർട്ടികൾക്ക് അഞ്ചും.
2015ൽ മെർകലിെൻറ തുറന്നവാതിൽ നയംമൂലം ഒമ്പതുലക്ഷം അഭയാർഥികളാണ് ജർമനിയിലെത്തിയത്. രാജ്യത്ത് അടിക്കടിയുണ്ടായ ഭീകരാക്രമണങ്ങൾ ഇവരുടെ വരവോടെയാണെന്ന് ആരോപണമുയർന്നിരുന്നു. ആദ്യ ഘട്ടത്തിൽ അൽപം ഇടിഞ്ഞെങ്കിലും ജനപ്രീതിയുടെ കാര്യത്തിൽ ഷൂൾസിനെ അപേക്ഷിച്ച് മെർകൽ ഏറെ മുന്നിലാണെന്നാണ് റിപ്പോർട്ട്. 2025ഒാടെ മുഴുവൻ ആളുകൾക്കും തൊഴിൽ നൽകുമെന്നും നികുതിനിരക്ക് കുറക്കുമെന്നുമാണ് സി.ഡി.യുവിെൻറ തെരഞ്ഞെടുപ്പ് വാഗ്ദാനം. ഡീ ലിങ്ക് കേമ്പാളനിയന്ത്രണം കൊണ്ടുവരുമെന്നും മിനിമം വേതനപരിധി ഉയർത്തുമെന്നും വാഗ്ദാനം നൽകുേമ്പാൾ നികുതി കുറക്കുമെന്നാണ് എഫ്.ഡി.പിയുടെ പ്രഖ്യാപനം. സി.ഡി.യുവിെൻറ കൂട്ടുകക്ഷി എഫ്.ഡി.പിയായിരിക്കുമെന്ന് പ്രവചനങ്ങളുണ്ടെങ്കിലും ഭൂരിപക്ഷം തികക്കാൻ കഴിയില്ലെന്നാണ് അഭിപ്രായ സർവേകളുടെ റിപ്പോർട്ട്. 16 വർഷക്കാലം ഹെൽമുട്ട് കോൾ അധികാരത്തിലിരുന്നത് ഇൗ സഖ്യത്തിെൻറ പിന്തുണയോടെയാണ്.
ഏറ്റവും പുതിയ സർവേയനുസരിച്ച് സി.ഡി.യു-സി.എസ്.യു സഖ്യം36 ശതമാനം വോട്ടുകൾ നേടുമെന്നാണ് കരുതുന്നത്. എസ്.പി.ഡി (23.7 ശതമാനം), ഗ്രീൻ (7.7 ശതമാനം), എഫ്.ഡി.പി (8.6 ശതമാനം), ഡീ ലിങ്ക് (8.6 ശതമാനം), മറ്റുള്ളവർ (4.4 ശതമാനം)എന്നിങ്ങനെയാണ് കണക്ക്. കൂടുതൽ വോട്ട് ലഭിക്കുന്നവർ ഭൂരിപക്ഷം തികക്കാൻ മറ്റു പാർട്ടികളെ കൂട്ടുപിടിക്കേണ്ടി വരുമെന്നർഥം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.