ഗ്രീസിൽ കാട്ടുതീ; മരണം 74 ആയി
text_fieldsആതൻസ്: പതിറ്റാണ്ടിനിടെ ഗ്രീക്ക് തലസ്ഥാന നഗരിയിലുണ്ടായ കാട്ടുതീ ദുരന്തത്തിൽ മരണം 74 ആയി. ആതന്സിന്നിന്ന് 40 കിലോമീറ്റര്‍ അകലെ ആറ്റിക പ്രവിശ്യയിലെ മാത്തി പ്രദേശത്താണ് കാട്ടുതീ പടർന്നുപിടിച്ചത്. രണ്ടു വനപ്രദേശങ്ങളിൽനിന്നുമാണ് കാട്ടുതീ പടരാൻ തുടങ്ങിയത്. മരിച്ച 26 ആളുകളുടെ മൃതദേഹം തുറമുഖ പട്ടണമായ റാഫിനയിൽനിന്നുമാണ് കണ്ടെടുത്തത്.
മൃതശരീരങ്ങൾ ഇനിയും ആശുപത്രികളിൽ എത്തിച്ചേരാത്തതിനാൽ മരണസംഖ്യ ഇനിയും ഉയരാമെന്നും സൂചനയുണ്ട്. അഗ്നിശമന സേനയിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് കുറഞ്ഞത് 49 പേരെങ്കിലും മരിച്ചതായി അറിയിച്ചത്. കുട്ടികളടക്കം 150ലധികം ആളുകൾക്ക് പരിക്കേറ്റതായും ഇതിൽ കുറച്ചുപേരുടെ നില ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു. ഗുരുതര പരിക്കേറ്റവരില്‍ 16 കുട്ടികളുമുണ്ട്. തിങ്കളാഴ്ചയാണ് ആതൻസിൽനിന്ന് 55 കി.മീറ്റർ അകലെ സ്ഥിതിചെയ്യുന്ന കിനെറ്റ എന്ന സ്ഥലത്തെ വനത്തിൽ ആദ്യമായി തീപിടിച്ചത്. കനത്ത കാറ്റ് കാരണം താപനില ഉയരുന്നത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
കാട്ടുതീ പടർന്ന പ്രദേശങ്ങളിൽ നിർത്തിയിട്ട കാറുകളും ബഹുനില കെട്ടിടങ്ങളും കത്തിനശിച്ചു. കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മരിച്ചവർ നിരവധിയാണ്. ഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തിലും പ്രദേശത്തുനിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. സമുദ്രതീരം ചേർന്ന് യാത്ര ചെയ്താണ് പ്രദേശവാസികളിൽ അധികപേരും രക്ഷപ്പെട്ടത്. പ്രദേശത്ത് അവധിക്കാല ക്യാമ്പിൽ പെങ്കടുക്കാനായി എത്തിയ 600 കുട്ടികളും ഇതിൽ ഉൾപ്പെടും. തദ്ദേശീയ വിനോദസഞ്ചാരത്തിന് പേരുകേട്ട ഇവിടെ അവധിദിനം ചെലവഴിക്കാനെത്തിയ 10 പേരടങ്ങുന്ന സംഘം തീരപ്രദേശത്ത് ബോട്ടിലകപ്പെട്ടു പോയിരുന്നു. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.
അപകടത്തിെൻറ പശ്ചാത്തലത്തിൽ നഗരപ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രധാനമന്ത്രി അലക്സിസ് സിപ്രസ് ബോസ്നിയൻ സന്ദർശനം വെട്ടിച്ചുരുക്കി നാട്ടിലേക്ക് മടങ്ങി. രക്ഷാപ്രവർത്തനം കൂടുതൽ ഉൗർജിതമാക്കുന്നതിെൻറ ഭാഗമായി മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും ഹെലികോപ്ടറുകളും, രക്ഷാപ്രവർത്തകരുടെ സേവനവും ഗ്രീക്ക് സർക്കാർ ആവശ്യപ്പെട്ടിരുന്നു. സൈപ്രസും സ്പെയിനും സഹായ വാഗ്ദാനങ്ങളുമായി രംഗത്തെത്തി.
പൊതുവെ വരണ്ട കാലാവസ്ഥയായ ഗ്രീസിൽ കാട്ടുതീ സാധാരണയാണെങ്കിലും ഇൗ സാഹചര്യത്തിൽ തീപിടിക്കാനുള്ള കാരണം വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.