നൊബേലിലും സ്ത്രീ-പുരുഷ വിവേചനം?
text_fieldsസ്റ്റോക്ഹോം: ലോകത്തിലെ ഏറ്റവും വലിയ ബഹുമതിയായാണ് നൊബേൽ സമ്മാനം കണക്കാക്കുന്നത്. ഇൗ മഹാവേദിയിൽനിന്ന് സ്ത്രീകൾ പുറത്താണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 1901 മുതലാണ് നൊബേൽ പുരസ്കാരം നൽകിത്തുടങ്ങിയത്. ഇതുവരെ 892 പ്രഗല്ഭർ സമ്മാനിതരായി. അതിൽ 48 സ്ത്രീകൾക്കു മാത്രമാണ് പുരസ്കാരം ലഭിച്ചത്.
അതിൽതന്നെ 30 സ്ത്രീകൾക്ക് സമാധാനത്തിനും സാഹിത്യത്തിനുമാണ് പുരസ്കാരം ലഭിച്ചത്.
നൊബേൽ രംഗത്തെ ശാസ്ത്രവിഷയങ്ങളിൽ ചെറുതല്ലാത്ത രീതിയിൽ ലിംഗവിവേചനം നിലനിൽക്കുന്നു എന്നതിെൻറ തെളിവാണിത്. അതേസമയം, ശാസ്ത്രരംഗത്ത് കഴിവു തെളിയിച്ച സ്ത്രീകളുടെ എണ്ണം പുരുഷൻമാെര അപേക്ഷിച്ച് കുറവാണെന്നാണ് പൊതുവിലയിരുത്തൽ. ഒരേയൊരു സ്ത്രീക്ക് മാത്രമാണ് സാമ്പത്തിക നൊബേൽ ലഭിച്ചത് എന്നതും കണക്കിലടുത്തു വേണം നിഗമനത്തിലെത്താൻ. നാമനിർദേശം നൽകുന്നതിലും ലിംഗവിവേചനം നിലനിൽക്കുന്നുണ്ടെന്നാണ് വിമർശകരുടെ വാദം. ശാസ്ത്രരംഗത്ത് വനിത സഹപ്രവർത്തകരെ അപേക്ഷിച്ച് കൈയൂക്കുള്ളവർ ഗവേഷണങ്ങളുടെ നേട്ടം കൈപ്പിടിയിലൊതുക്കുന്നു.
സ്ത്രീകൾ ഏറെ പ്രയത്നം സഹിച്ചിട്ടുപോലും നേട്ടത്തിെൻറ പട്ടം ചാർത്തിക്കിട്ടുന്നത് പുരുഷെൻറ പേരിലായിരിക്കും. സംഘാംഗങ്ങളിലൊരാൾ എന്ന ലേബലിൽ ഇവരുടെ പേരുകൾ പരിഗണിച്ചേക്കാം എന്നുമാത്രം. ചിലപ്പോൾ അതുമുണ്ടാവില്ലെന്ന് ശാസ്ത്രരംഗത്തേക്ക് പെൺകുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന ബ്രിട്ടീഷ് സംഘടനയുടെ മേധാവി ആനി മേരി ഇംഅഫിദോൺ ചൂണ്ടിക്കാട്ടുന്നു. 1903ൽ നൊബേൽ പുരസ്കാരത്തിന് പരിഗണിക്കപ്പെട്ടപ്പോൾ തെൻറ സഹഗവേഷകയും ഭാര്യയുമായ മേരി ക്യൂറിയെ ആദരിച്ചില്ലെങ്കിൽ സമ്മാനം സ്വീകരിക്കില്ലെന്ന് പിയറി ക്യൂറി വ്യക്തമാക്കിയത് അത് തെളിയിക്കുന്നു.
70 വർഷത്തിനുശേഷം ജോസ്ലിൻ ബെൽ എന്ന േകംബ്രിജ് ഗവേഷക വിദ്യാർഥിനി നൊബേലിന് അർഹയായിട്ടും പട്ടികയിൽനിന്ന് പുറത്തായതും ഉദാഹരണങ്ങളിലൊന്ന്.
പൾസറുകളുടെ കണ്ടുപിടിത്തത്തിനാണ് അക്കൊല്ലം പുരസ്കാരം നൽകിയത്. ഗവേഷണത്തിൽ സ്തുത്യർഹമായ സംഭാവനകൾ നൽകിയിട്ടും അവരുടെ പേര് പരിഗണിക്കാതെ ആൻറണി ഹെവിഷിനു സമ്മാനം നൽകുകയായിരുന്നു. ഇക്കൊല്ലമെങ്കിലും പതിവിനു മാറ്റമുണ്ടാകുമോ എന്നു കാതോർക്കുകയാണ് ലോകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.