െബ്രക്സിറ്റ് വ്യാപാര കരാറിന് അംഗരാജ്യങ്ങളുടെ അംഗീകാരം; അനിശ്ചിതത്വം ബാക്കി
text_fieldsലണ്ടൻ: പുതുവർഷത്തോടെ യൂറോപ്പുമായി ബന്ധം വേർപെടുത്തുന്ന ബ്രിട്ടൻ, യൂറോപ്യൻ യൂനിയനുമായുണ്ടാക്കിയ വ്യാപാര കരാറിന് അംഗരാജ്യങ്ങൾ ഏകകണ്ഠമായി അംഗീകാരം നൽകി. 27 അംഗ യൂറോപ്യൻ കൂട്ടായ്മയിലെ അംബാസഡർമാർ കരാറിന് പച്ചക്കൊടി കാണിച്ചതായി ഇ.യു അധ്യക്ഷസ്ഥാനം വഹിക്കുന്ന ജർമനി അറിയിച്ചു. കരാറിന് ഇനി ഇ.യു പാർലമെൻറും ബ്രിട്ടീഷ് ജനപ്രതിനിധി സഭയും ഔപചാരികമായി അംഗീകാരം നൽകേണ്ടതുണ്ട്.
അതേസമയം, നേരത്തേയുണ്ടായിരുന്ന ഒറ്റവിപണിയുടെ ആനുകൂല്യം ജനുവരി ഒന്നുമുതൽ ബ്രിട്ടന് ലഭിക്കില്ല. യു.കെയിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും ഉൽപാദിപ്പിക്കുന്ന ചരക്കുകളുടെ പരസ്പര നീക്കത്തിന് ഇരുവിഭാഗവും ചുങ്കം ചുമത്തില്ല എന്നതാണ് വ്യാപാര കരാറിലെ പ്രധാന വ്യവസ്ഥ. എന്നാൽ, ഇ.യു നിർദേശിക്കുന്ന ആരോഗ്യ, സുരക്ഷ ഗുണനിലവാരം പാലിക്കാൻ ബ്രിട്ടൻ ഇനിമുതൽ നിർബന്ധിതമാവും. യൂറോപ്പിന് പുറത്ത് നിർമിക്കുന്ന ഉൽപന്നങ്ങൾക്ക് ഇ.യു നിർദേശിക്കുന്ന മാനദണ്ഡം ബ്രിട്ടനും ബാധകമായിത്തീരും.
ഇ.യു കസ്റ്റംസ് യൂനിയനിൽനിന്നും ഒറ്റവിപണിയിൽനിന്നും ബ്രിട്ടൻ പുറത്താവുന്നതോടെ ഇംഗ്ലീഷ് ചാനൽ വഴിയുള്ള ഇറക്കുമതിക്കും കയറ്റുമതിക്കും പുതിയ വ്യവസ്ഥകൾ നിലവിൽവരും. കരാർ വ്യവസ്ഥകളുടെ ചുവപ്പുനാട വ്യാപാരത്തെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. ബ്രിട്ടനിലെ പുതിയ കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ ദിവസം ഫ്രാൻസ് യു.കെ അതിർത്തി അടച്ചപ്പോൾ ചരക്കുനീക്കം സ്തംഭിക്കുകയും ട്രക്കുകൾ ദിവസങ്ങളോളം വഴിയിൽ കുടുങ്ങുകയും ചെയ്തിരുന്നു.
സ്പെയിനിനടുത്ത് ബ്രിട്ടെൻറ നിയന്ത്രണത്തിലുള്ള ജിബ്രാൾട്ടറിെൻറ ഭാവിയെ കുറിച്ച് വ്യാപാര കരാറിൽ പറയുന്നില്ല. നിത്യവും ആയിരക്കണക്കിനാളുകളാണ് സ്പെയിനിൽനിന്ന് ജിബ്രാൾട്ടറിലേക്ക് യാത്ര ചെയ്യുന്നത്. യു.െകയുടെ നിയന്ത്രണത്തിലുള്ള സമുദ്രത്തിലെ മത്സ്യബന്ധനം സംബന്ധിച്ചും പൂർണമായ പരിഹാരമായിട്ടില്ല. തങ്ങളുടെ അധീനതയിലെ സമുദ്രത്തിൽ മറ്റു രാജ്യങ്ങൾക്ക് മത്സ്യബന്ധനം അനുവദിക്കില്ല എന്നായിരുന്നു ചർച്ചകളിൽ ബ്രിട്ടൻ സ്വീകരിച്ച നിലപാട്. അതിൽ 25 ശതമാനം ഭാഗം വിട്ടുനൽകാൻ മാത്രമാണ് ഇപ്പോൾ ധാരണയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.