യൂറോപിന്‍റെ 'മലനിരകളിലെ ടൈറ്റാനികാ'യ ഈ റെയിൽവേ സ്റ്റേഷൻ ഇനി പഞ്ചനക്ഷത്ര ഹോട്ടൽ
text_fieldsലണ്ടൻ: മലനിരകളിലെത്തുന്ന സഞ്ചാരികൾക്കായി പ്രൗഢമനോഹരമായി പണിതുയർത്തപ്പെട്ട് നീണ്ട കാലം നോക്കുകുത്തിയായി നിന്ന റെയിൽവേ സ്റ്റേഷന് ഒടുവിൽ പുനർജന്മം. 'മനിരകളിലെ ടൈറ്റാനിക്' എന്ന വിളിപ്പേരുവീണ കാൻഫ്രാങ്ക് സ്റ്റേഷനാണ് പഞ്ചനക്ഷത്ര ഹോട്ടലായി മാറുന്നത്. പിറനീസ് മലനിരകൾ വഴിയുള്ള റെയിൽ ഗതാഗതം നിലച്ച് 51 വർഷം കഴിഞ്ഞാണ് പുതുനിയോഗം.
കടൽനിരപ്പിൽനിന്ന് 3,280 അടി (1,000 മീറ്റർ) ഉയരത്തിൽ ഫ്രഞ്ച്- സ്പാനിഷ് അതിരുകളിലായി സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് കാൻഫ്രാങ്ക്. അകലെ മലനിരകളിൽ യൂറോപിലെ ഏറ്റവും മികച്ച റെയിൽവേ സ്റ്റേഷനുകളിലൊന്ന് പണിയുകയെന്ന സ്പാനിഷ് സ്വപ്ന സാക്ഷാത്കാരമായാണ് മനോഹര നിർമിതി പണികഴിപ്പിക്കപ്പെട്ടത്. 1858ൽ പദ്ധതിയിട്ട 'റെയിൽവേ കത്തീഡ്രൽ' പൂർത്തിയാകുന്നത് 1928ൽ. ഉദ്ഘാടന ചടങ്ങിൽ സ്പെയിൻ രാജാവ് അൽഫോൺസോ പതിമൂന്നാമൻ പറഞ്ഞത് 'പിറനീസ് (പർവതം) ഇനിയില്ലെന്ന്' ആയിരുന്നു. രണ്ടാം ലോകയുദ്ധത്തിൽ സ്റ്റേഷൻ വലിയ പങ്കുവഹിച്ചതായി പറയാറുണ്ട്. ബ്രിട്ടനും യു.എസിനുമൊപ്പം നിലയുറപ്പിക്കുകയും എന്നാൽ, നാസി ജർമനിയുമായി ഇടപാടുകൾ നടത്തുകയും ചെയ്ത ഫ്രാങ്കോ രാജാവ് ടാങ്ക് നിർമാണത്തിന് ഉപയോഗിക്കുന്ന ടങ്സ്റ്റൺ ഈ സ്റ്റേഷൻ വഴി കടത്ത് നടത്തിയതായി ചരിത്ര രേഖകൾ പറയുന്നു.
നിർമിച്ചത് രാജകീയമായിട്ടായിരുന്നുവെങ്കിലും പിന്നാലെ അപകടങ്ങളും സംഭവപരമ്പരകളും വന്നുമൂടിയത് സ്റ്റേഷൻ പ്രവർത്തനത്തെ ശരിക്കും വലച്ചു. 1928ൽ നിർമാണം പൂർത്തിയായി ഒരു വർഷം കഴിഞ്ഞാണ് മഹാമാന്ദ്യം പിടികൂടിയത്. അതിനുടൻ സ്പാനിഷ് ആഭ്യന്തര യുദ്ധമെത്തി. പിന്നാലെ രണ്ടാം ലോകയുദ്ധവും. ഫ്രാങ്കോ ഭരണകൂടം ഒറ്റപ്പെട്ടുപോയത് റെയിൽഗതാഗതത്തെയും ബാധിച്ചു. എന്നാൽ, മറുവശത്ത് ഫ്രഞ്ച് ഭാഗത്തെ റെയിൽവേ സംവിധാനം കൂടുതൽ അത്യാധുനികമായിരുന്നു. അതിനാൽ, സ്പെയിനിലെത്തുംമുമ്പ് ലഗേജ് ഇറക്കിവെച്ച് മാറിക്കയറണം.
1970ൽ അപകടത്തിൽ ഒരു പാലം തകരുക കൂടി ചെയ്തതോടെ സ്റ്റേഷൻ തന്നെ ഉപേക്ഷിക്കാമെന്ന് അധികൃതർക്ക് തോന്നി. 200 മീറ്റർ നീളത്തിൽ 365 ജനലുകളുമായി നിന്ന മനോഹര നിർമിതി അതോടെ പാതിമയക്കത്തിലായി.
അതാണ്, ഇനി 104 മുറികളുള്ള പഞ്ചനക്ഷത്ര ഹോട്ടലായി മാറുന്നത്. ജൊആക്വിൻ മഗ്രാസോ, ഫെർണാണ്ടോ എന്നിവർ ചേർന്നാണ് നിർമാണം. ആറഗോൺ പ്രാദേശിക ഭരണകൂടം സഹായവും നൽകും.
ആഭ്യന്തര ട്രെയിൻ സർവീസ് ഇപ്പോഴും നടക്കുന്നതിനാൽ അവക്കുവേണ്ടി ഒരു സ്റ്റേഷൻ വേറെ പണികഴിപ്പിക്കും.
ഫ്രാൻസിനെയും സ്പെയിനിനെയും ബന്ധിപ്പിച്ച് 7.8 കിലോമീറ്റർ നീളത്തിൽ സോംപോർട് തുരങ്കം വീണ്ടും തുറക്കാൻ ഇരുരാജ്യങ്ങളും 2020ൽ ധാരണയിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.