പട്ടിണിക്കിടയിലും ഗസ്സയിൽ കുടിയൊഴിപ്പിക്കൽ
text_fieldsജറുസലേം: പട്ടിണിയും ദുരിതവുംകൊണ്ട് പൊറുതിമുട്ടിയ ഗസ്സക്കാർക്ക് മേൽ ബോംബിങ് തുടർന്ന് ഇസ്രായേൽ സേന. കഴിഞ്ഞ ദിവസം ഗസ്സ മുനമ്പിലും ഉത്തരഗസ്സയിലും അധിനിവിഷ്ട വെസ്റ്റ് ബാങ്കിലുമായി 30 ലേറെ പേർ കൊല്ലപ്പെട്ടു. ഗസ്സ മുനമ്പിൽ രണ്ട് സ്ത്രീകൾക്കും നാലു കുട്ടികൾക്കും ഉത്തര ഗസ്സയിലെ ബൈത് ലാഹിയയിൽ ആറ് കുട്ടികൾക്കും എട്ട് സ്ത്രീകൾക്കും ജീവൻ നഷ്ടപ്പെട്ടു. തിങ്കളാഴ്ച വൈകീട്ട് തുടങ്ങിയ ആക്രമണം ചൊവ്വാഴ്ച പുലർച്ചവരെ തുടർന്നു. ഒരുമാസത്തോളമായി അധിനിവേശസേന നടത്തുന്ന കനത്ത ആക്രമണത്തിൽ പൂർണമായും തകർന്നിരിക്കുകയാണ് ഉത്തര ഗസ്സ. യു.എസ് ഉൾപ്പെടെ രാജ്യങ്ങൾ വെടിനിർത്തൽ കരാറിന് സമ്മർദം ശക്തമാക്കുന്നതിനിടെയാണ് ഇസ്രായേൽ ആക്രമണം രൂക്ഷമാക്കിയത്.
ബൈത് ലാഹിയയിലെ നിരവധി കുടുംബങ്ങൾ കഴിയുന്ന വീട്ടിലാണ് ബോംബിട്ടത്. ബൈത് ലാഹിയ, ബൈത് ഹാനൂൻ, ജബാലിയ അഭയാർഥി ക്യാമ്പ് എന്നിവിടങ്ങളിൽനിന്ന് പൂർണമായും ഒഴിഞ്ഞുപോകാൻ ഉത്തരവിട്ടിരിക്കുകയാണ് സൈന്യം. ബൈത് ലാഹിയയിൽനിന്ന് ഒഴിഞ്ഞുപോകാത്തവർക്ക് മുന്നറിയിപ്പ് നൽകി സേന വിമാനത്തിൽനിന്ന് ലഘുലേഖകൾ വിതരണം ചെയ്തു. ഒരു മാസമായി ഈ മേഖലകളിലേക്കുള്ള സഹായങ്ങൾ തടഞ്ഞിരിക്കുകയാണ്. ഗസ്സ മുനമ്പിലുള്ള തൂഫയിൽ ഒരു വീടിനു നേരെയാണ് ആക്രമണം നടന്നത്. രണ്ട് കുട്ടികളും അവരുടെ രക്ഷിതാക്കളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുമെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. രണ്ട് കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തു. മധ്യ ഗസ്സയിൽ സുവൈദയിൽ അഭയാർഥികൾ താമസിക്കുന്ന ടെന്റിൽ ബോംബിട്ടതിനെതുടർന്ന് രണ്ട് കുട്ടികളും അവരുടെ അമ്മയും ഉൾപ്പെടെ നാലുപേരുടെ ജീവൻ പൊലിഞ്ഞെന്ന് ദൈർ അൽ ബലാഹിലെ അൽ അഖ്സ ആശുപത്രി അറിയിച്ചു. ദൈർ അൽ ബലാഹിൽ മറ്റൊരു വീട് തകർത്തതിനെതുടർന്ന് രണ്ടുപേർ കൊല്ലപ്പെട്ടതായും ആശുപത്രി അധികൃതർ കൂട്ടിച്ചേർത്തു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ജെനിനിൽ ചൊവ്വാഴ്ച പുലർച്ച വ്യോമാക്രമണത്തിൽ രണ്ടുപേരും തമൂനിൽ വെടിയേറ്റ് ഒരാളുമാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെസ്റ്റ് ബാങ്കിൽ ഇപ്പോഴും ദിവസവും ഇസ്രായേൽ സേന റെയ്ഡ് തുടരുകയാണ്. ഒരു വർഷത്തിലേറെയായി ഗസ്സയിൽ തുടരുന്ന ആക്രമണത്തിൽ 43,391 പേരും വെസ്റ്റ് ബാങ്കിൽ 767 പേരുമാണ് കൊല്ലപ്പെട്ടത്.
അതേസമയം, ലബനാൻ തലസ്ഥാനമായ ബൈറൂത്തിന്റെ തെക്കുകിഴക്കൻ മേഖലയിലുള്ള ഐതാതിലും തെക്കൻ മേഖലയിലെ ആംഗൂനിലും ഇസ്രായേൽ വ്യോമാക്രമണങ്ങൾ നടന്നതായി ലബനാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബൈറൂത്തിന്റെ തെക്കൻ തീരത്തുള്ള ജിയേഹിൽ വ്യോമാക്രമണത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. ഇവിടെ ടൗണിലുള്ള അപ്പാർട്ട്മെന്റിലാണ് ബോംബിട്ടത്.
ലബനാൻ മേഖലയിൽനിന്ന് 40 മിസൈലുകൾ വിക്ഷേപിച്ചതായി ഇസ്രായേൽ സേന അറിയിച്ചു. ഹിസ്ബുല്ലയുടെ നിരവധി തുരങ്കങ്ങളും മറ്റ് ആയുധകേന്ദ്രങ്ങളും തകർത്തതായും സേന അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.