മരിയുപോൾ തിയറ്റർ ആക്രമണം; പൊലിഞ്ഞത് 600 ജീവൻ
text_fieldsകിയവ്: മരിയുപോളിൽ റഷ്യയുടെ തിയറ്റർ ആക്രമണത്തിൽ 600ന് അടുത്ത് ആളുകൾ കൊല്ലപ്പെട്ടതിന്റെ തെളിവുകളുമായി അസോസിയേറ്റഡ് പ്രസ്(എ.പി). നേരത്തേ കരുതിയതിലും ഇരട്ടിയിലേറെ വരും മരണസംഖ്യ. വ്യോമാക്രമണം അതിജീവിച്ച 23 ആളുകൾ, രക്ഷാപ്രവർത്തകർ കണ്ടാണ് എ.പി റിപ്പോർട്ട് തയാറാക്കിയത്. 300 ആളുകൾ മരിച്ചുവെന്നായിരുന്നു യുക്രെയ്ൻ സർക്കാർ പുറത്തുവിട്ട കണക്ക്. തിയറ്ററിനു പുറത്തുണ്ടായിരുന്ന അടുക്കളയിൽ ആക്രമണം നടക്കുമ്പോൾ 100 പേരാണ് ഉണ്ടായിരുന്നത്. അവരിലാരും രക്ഷപ്പെട്ടില്ലെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
കെട്ടിടത്തിന്റെ ഉള്ളിലും ആളുകൾ തിങ്ങിനിറഞ്ഞിരിക്കയായിരുന്നു. ആക്രമണം നടക്കുമ്പോൾ 1000 ആളുകളെങ്കിലും ഉള്ളിലുണ്ടാകുമെന്ന് രക്ഷപ്പെട്ട ഭൂരിഭാഗം ആളുകളും കരുതുന്നു. 200 പേരെങ്കിലും സാഹസികമായി രക്ഷപ്പെട്ടിട്ടുണ്ടാകും. മരിയുപോളിന്റെ ഹൃദയഭാഗത്ത് 60 വർഷത്തിലേറെയായി നിലനിന്നിരുന്ന മനോഹരമായ തിയറ്റർ ക്ഷണം നേരംകൊണ്ടാണ് റഷ്യ തകർത്തത്. ഒരു കാലത്ത് റഷ്യൻ ഡ്രമാറ്റിക് തിയറ്റർ എന്നായിരുന്നു ഇത് അറിയപ്പെട്ടത്. 2015ൽ പ്രാദേശിക അധികൃതർ റഷ്യൻ എന്ന വാക്ക് എടുത്തുകളഞ്ഞു. തിയറ്ററിൽ യുക്രെയ്ൻ പൗരൻമാർ മാത്രം കല അവതരിപ്പിച്ചാൽ മതിയെന്ന് ഉത്തരവിടുകയും ചെയ്തു. മാർച്ച് ആദ്യവാരമാണ് റഷ്യ മരിയുപോൾ ഉപരോധിച്ചത്. തിയറ്ററിലെ ജീവനക്കാരെയടക്കം ബന്ദികളാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.