സൈന്യം പുറത്താക്കിയ മുൻ ജനറൽ ഇനി ഇന്തോനേഷ്യൻ പ്രസിഡന്റ്
text_fieldsജകാർത്ത: ലോകത്തെ പ്രധാന മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയുടെ എട്ടാമത്തെ പ്രസിഡന്റായി മുൻ സൈനിക കമാൻഡർ പ്രബോവോ സുബിയാന്റോ ചുമതലയേറ്റു. മുൻ പ്രതിരോധ മന്ത്രികൂടിയായ 73കാരനായ പ്രബോവോ പ്രസിഡന്റിന്റെ വസതിയിൽ നടന്ന പ്രത്യേക ചടങ്ങിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
ചൈനയുടെ വൈസ് പ്രസിഡന്റ് ഹാൻ സെങ് അടക്കം 30ലേറെ രാജ്യങ്ങളുടെ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. പ്രബോവോക്ക് ആശംസയർപ്പിച്ച് പതിനായിരക്കണക്കിന് പേർ തലസ്ഥാനമായ ജകാർത്തയുടെ തെരുവുകളിൽ ആഹ്ലാദ പ്രകടനം നടത്തി. രാജ്യത്തെ അതിസമ്പന്ന കുടുംബാംഗമായ പ്രബോവോ രാഷ്ട്രീയ-സൈനിക വിഭാഗത്തിന് പുറത്തുനിന്ന് ഉയർന്നുവന്ന ആദ്യത്തെ പ്രസിഡന്റാണ്.
ജനകീയ പ്രസിഡന്റായിരുന്ന ജോകോ വിദോദോക്കെതിരെ 2014ലും 2019ലും മത്സരിച്ച് പരാജയപ്പെട്ടയാളാണ് പ്രബോവോ. എങ്കിലും പ്രതിരോധ മന്ത്രിയായി വിദോദോ നിയമിച്ചതോടെ പ്രബോവോയുടെ ജനസമ്മതി ഉയരുകയായിരുന്നു. ഫെബ്രുവരിയിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിദോദോയുടെ പിന്തുണയിൽ പ്രബോവോ വൻ വിജയം നേടിയിരുന്നു.
ഇതേതുടർന്ന് വിദോദോയുടെ മകൻ 37കാരനായ ജിബ്രാൻ റകാബുമിങ് റാകയെ വൈസ് പ്രസിഡന്റായി അദ്ദേഹം നിയമിച്ചു. സ്പെഷൽ ഫോഴ്സ് കമാൻഡറായിരുന്ന പ്രബോവോയെ മനുഷ്യാവകാശ പ്രവർത്തകരെ തട്ടിക്കൊണ്ടുപോയതിന്റെയും പീഡിപ്പിച്ചതിന്റെയും പേരിൽ 1998ലാണ് സൈന്യം പുറത്താക്കിയത്. ആരോപണങ്ങളെ തുടർന്ന് ജോർഡനിലേക്ക് നാടുവിട്ട അദ്ദേഹം ഒരിക്കലും വിചാരണ നേരിട്ടിട്ടില്ല. യു.എസും ആസ്ട്രേലിയയും നിരവധി വർഷങ്ങൾ പ്രബോവോക്ക് യാത്ര വിലക്ക് ഏർപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.