ഇറ്റാലിയൻ മുൻ പ്രധാനമന്ത്രി 33 വയസുള്ള കാമുകിക്ക് വിൽപത്രത്തിൽ നീക്കി വെച്ചത് 900 കോടി രൂപ
text_fieldsറോം: ഇക്കഴിഞ്ഞ ജൂൺ 12നാണ് ഇറ്റാലിയൻ മുൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണി അന്തരിച്ചത്. അദ്ദേഹത്തിന്റെ വിൽപത്രമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. വിൽപത്രത്തിൽ തന്റെ കാമുകിയായ മാർത്ത ഫാസിനക്ക് നീക്കിവെച്ചത് 100 മില്യൻ യൂറോ (9,05,86,54,868 രൂപ)യാണ്. ഏകദേശം 900 കോടി രൂപ വരുമിത്. ബ്ലൂംബർഗ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഏതാണ്ട് ആറു ബില്യൻ യുറോ (ഏതാണ്ട് 54,000 കോടി രൂപ) യാണ്. മൂന്നു തവണ ഇറ്റലിയുടെ പ്രധാനമന്ത്രിയായ ബെർലുസ്കോണിയുടെ ആസ്തി.
ഇറ്റലിയിലെ വമ്പൻ ബിസിനസുകാരനായിരുന്നു ബെർലുസ്കോണി. 1994 മുതൽ 1995 വരെയും 2006 മുതൽ 2008 വരെയും 2008 മുതൽ 2011 വരെയുമാണ് ബെർലുസ്കോണി ഇറ്റാലിയൻ പ്രധാനമന്ത്രിയായിരുന്നത്. 86ാം വയസിലാണ് ലൂക്കീമിയ ബാധിച്ച് ചികിത്സയിലിരിക്കെ അദ്ദേഹം അന്തരിച്ചത്. 33 കാരിയായ മാർത്തക്ക് ബെർലുസ്കോണി വിൽപത്രം എഴുതിയത് പരസ്യമാക്കിയത് വ്യാഴാഴ്ച്ചയാണ്.
ബെർലുസ്കോണിയുടെ പാർട്ടിയായ ഫോർസ ഇറ്റാലിയ പാർട്ടി അംഗമായ മാർത്ത എം.പിയാണ്. മൂന്നുവർഷം മുമ്പ് ബെർലുസ്കോണിയുടെ ജീവിതത്തിലേക്ക് കടന്നുവന്ന മാർത്ത അദ്ദേഹത്തിന്റെ അന്ത്യനിമിഷങ്ങളിലും കൂടെയുണ്ടായിരുന്നു. രണ്ട് തവണ വിവാഹം കഴിച്ചിട്ടുണ്ട് ബെർലുസ്കോണി. രണ്ടും വിവാഹമോചനത്തിലാണ് അവസാനിച്ചത്. എന്നാൽ മാർത്തയെ ഔദ്യോഗികമായി വിവാഹം കഴിച്ചിരുന്നില്ല.
അതേസമയം ബെർലുസ്കോണിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ നിയന്ത്രണം അദ്ദേഹത്തിന്റെ മൂത്ത മക്കളായ മറിനയ്ക്കും പിയർ സിൽവിയോയ്ക്കുമാണ്. ഇവർക്ക് കുടുംബസ്വത്തിന്റെ 53 ശതമാനം ഓഹരിയും നൽകിയിട്ടുണ്ട്. തന്റെ സഹോദരന് 100 മില്യൻ യുറോയും മുൻ സെനറ്റർക്ക് 30 മില്യൻ യുറോയുംബെർലുസ്കോണി വിൽപത്രത്തിൽ നീക്കിവച്ചിട്ടുണ്ട്. ബാക്കിയുള്ള സ്വത്തുവകകളെല്ലാം തന്റെ അഞ്ചു മക്കൾക്കും തുല്യമായി നൽകുമെന്നും ബെർലുസ്കോണി വിൽപത്രത്തിൽ എഴുതിവച്ചിട്ടുണ്ട്.
മിലാനിലെ സാൻ റഫേൽ ആശുപത്രിയിൽ ചികിത്സിയിലിരിക്കെ ജൂൺ 12നാണ് സിൽവിയോ ബെർലുസ്കോണി അന്തരിച്ചത്. ഫോർസ ഇറ്റാലിയ പാർട്ടി നിലവിൽ ഇറ്റലിയിലെ ഭരണകക്ഷിയുമായി സഖ്യത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.