കസാഖ്സ്താനിൽ മുൻ സുരക്ഷ മേധാവി അറസ്റ്റിൽ
text_fieldsനൂർമഹൽ: കസാഖ്സ്താൻ മുൻ ആഭ്യന്തരസുരക്ഷ മേധാവി കരീം മസിമോവിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. പ്രക്ഷോഭകർക്കെതിരെ വെടിയുതിർത്തതിനു പിറകെയാണിത്. ദേശീയ സുരക്ഷ കമ്മിറ്റിയാണ് (കെ.എൻ.ബി) ഇക്കാര്യം അറിയിച്ചത്.
മുൻ സോവിയറ്റ് യൂനിയൻ രാജ്യമായ കസാഖ്സ്താന്റെ സ്ഥാപക പ്രസിഡന്റ് നൂർസുൽത്താൻ നാസർബയേവിന്റെ അടുത്ത അനുയായിയായ കരീമിനെ വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്തത്. 26 പ്രക്ഷോഭകരെയാണ് സുരക്ഷ സൈന്യം വധിച്ചത്. ഏറ്റുമുട്ടലിൽ 18 പൊലീസുകാരും കൊല്ലപ്പെട്ടിരുന്നു. കസാഖ്സ്താനിൽ ഒരാഴ്ചയോളമായി തുടരുന്ന പ്രക്ഷോഭത്തിൽ 4400 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇന്ധനവിലവർധനക്കെതിരായ പ്രതിഷേധമാണ് രക്തരൂഷിത പ്രക്ഷോഭത്തിലേക്ക് നീങ്ങിയത്.
പ്രക്ഷോഭകർ സർക്കാർ കെട്ടിടങ്ങൾ കൈയേറി കൊള്ളയടിക്കുകയും ഓഫിസുകൾക്ക് തീവെക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പ്രക്ഷോഭകർക്കു നേരെ മുന്നറിയിപ്പില്ലാതെ വെടിവെക്കാൻ റഷ്യൻ പിന്തുണയുള്ള പ്രസിഡന്റ് ഖാസിം ജൊമാർട് തൊകായേവ് ഉത്തരവിട്ടിരുന്നു. പ്രക്ഷോഭകരെ നേരിടാൻ റഷ്യൻ സൈന്യവും രാജ്യത്തെത്തിയിരുന്നു. ജനകീയ പ്രക്ഷോഭത്തെ തുടർന്ന് നാസർബയേവ് രാജ്യം വിട്ടെന്ന അഭ്യൂഹം അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി തള്ളി.
അതിനിടെ, പ്രക്ഷോഭത്തെ അടിച്ചമർത്താൻ കസാഖ്സ്താൻ റഷ്യൻസേനയുടെ സഹായം തേടിയതിനെ ചോദ്യം ചെയ്ത് യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ രംഗത്തു വന്നു. വിദേശ സഹായം തേടുന്നതിന് പകരം കസാഖ് സർക്കാർ സ്വന്തം നിലക്ക് പ്രക്ഷോഭകരെ നേരിടുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. 2500 റഷ്യൻ സൈനികരാണ് കസാഖ്സ്താനിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.