അഫ്ഗാനിൽ നിന്ന് കൂട്ടപ്പലായനം; അതിർത്തികൾ തുറന്നിടാൻ യു.എൻ നിർദേശം
text_fieldsകാബൂള്‍: അഫ്ഗാനിസ്താെൻറ വലിയൊരു ഭാഗവും താലിബാൻ കീഴടക്കിയതോടെ, പലായനംചെയ്യുന്നവരുടെ എണ്ണം ഭീമമായി ഉയരുന്ന സാഹചര്യത്തിൽ അതിർത്തികൾ തുറന്നിടാൻ മറ്റുരാജ്യങ്ങളോട് ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭ(യു.എൻ).ആഭ്യന്തരമായി കുടിയിറക്കപ്പെട്ട ആയിരങ്ങളാണ് അവസാന അഭയകേന്ദ്രമെന്നോണം കാബൂളിലെത്തിയത്.
കാബൂളും താലിബാൻ കീഴടക്കുന്നതോടെ അഭയാർഥികളുടെ എണ്ണം വർധിക്കുമെന്നും വലിയൊരു മാനുഷിക ദുരന്തത്തിനാവും ലോകം സാക്ഷ്യം വഹിക്കുകയയെന്നും യു.എൻ മുന്നറിയിപ്പു നൽകി. ഭക്ഷ്യക്ഷാമമുൾപ്പെടെയാണ് ആളുകളെ കാത്തിരിക്കുന്നത്. അഫ്ഗാെൻറ തന്ത്രപ്രധാന മേഖലയായി കരുതുന്ന കാന്തഹാറും താലിബാെൻറ പിടിയിലായ സാഹചര്യത്തിലാണ് ആശങ്ക വർധിച്ചത്. ആറുലക്ഷം ആളുകളാണ് കാന്തഹാറിലുള്ളത്.
ആധിപത്യം ഉറപ്പിച്ചതിന് പിന്നാലെ താലിബാന്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്. സ്ത്രീകള്‍ ജോലിക്ക് പോകുന്നതിനാണ് വിലക്ക്. അഫ്ഗാനിലെ വിവിധ ബാങ്കുകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ ഇനി മുതൽ വരേണ്ടതില്ലെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പലയിടത്തും സ്ത്രീകളെ ജോലികളില്‍ നിന്നും പിരിച്ചു വിട്ട് തുടങ്ങി. പൊതുസ്ഥലത്ത് സ്ത്രീകള്‍ മുഖം പുറത്ത് കാണിക്കുന്നത് ഉചിതമല്ലെന്ന് കാണിച്ചാണ് നടപടി.
അതിനിടെ, പിടിച്ചെടുത്ത മേഖലകളിലെ സ്ത്രീകളെ നിർബന്ധിതമായി താലിബാൻ സേനാംഗങ്ങൾ വിവാഹം കഴിക്കുന്നതായും റിപ്പോർട്ടുണ്ട്. പിടികൂടുന്ന സൈനികരെ താലിബാൻ വധിക്കുകയാണെന്ന് കാബൂളിലെ യു.എസ് എംബസി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഒരാഴ്ചക്കകം അഫ്ഗാനിസ്താൻ പൂർണമായും പിടിച്ചെടുക്കുമെന്നാണ് താലിബാൻ അവകാശപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.