ഖാൻ യൂനുസിൽ വീണ്ടും കൂട്ടപ്പലായനം; എവിടേക്ക് പോകുമെന്നറിയാതെ അഭയാർഥികൾ
text_fieldsഗസ്സ: ഇസ്രായേൽ സേനയുടെ ആക്രമണത്തെ തുടർന്ന് ഗസ്സയിലെ രണ്ടാമത്തെ നഗരമായ ഖാൻ യൂനുസിൽനിന്ന് പലായനം ചെയ്ത് ആയിരങ്ങൾ. കഴിഞ്ഞ രാത്രിയും പകലുമായി നിരവധി തവണയാണ് ഖാൻ യൂനുസ് നഗരത്തിലും പുറത്തും ഇസ്രായേൽ ആക്രമണം നടത്തിയത്.
എട്ടുപേർ മരിക്കുകയും 30ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഫലസ്തീൻ റെഡ് ക്രസന്റ് വൃത്തങ്ങൾ അറിയിച്ചു. മേഖലയിലെ യൂറോപ്യൻ ഗസ്സ ആശുപത്രിയിൽ ചികിത്സയിലുള്ളവരും ജീവനക്കാരും ഒഴിഞ്ഞുപോയി. അഭയാർഥി ക്യാമ്പുകളും ഉപേക്ഷിക്കുകയാണ്.
ഇസ്രായേൽ സേന നൽകിയ ഉത്തരവിനെ തുടർന്നാണ് ആളുകൾ കൂട്ടമായി പലായനം ചെയ്തത്. റഫ ആക്രമണത്തിന് ശേഷം ഒരു സുരക്ഷയുമില്ലാത്ത തകർന്ന കെട്ടിടങ്ങളിലാണ് ആളുകൾ കഴിഞ്ഞിരുന്നത്. ഇനി എവിടേക്ക് പോകുമെന്നാണ് ഫലസ്തീൻ അഭയാർഥികൾ ചോദിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥൻ ലൂയിസ് വാട്ടറിജ് പറഞ്ഞു.
തിങ്കളാഴ്ച ഇസ്രായേലിനെ ലക്ഷ്യംവെച്ച് ഖാൻ യൂനുസിൽനിന്ന് തൊടുത്ത 20ഓളം മിസൈലുകൾക്കുള്ള മറുപടിയാണ് സൈനിക നീക്കമെന്നാണ് ഇസ്രായേൽ പ്രതിരോധ സേന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.
ഈ വർഷമാദ്യം ഇസ്രായേൽ സേന നടത്തിയ ആക്രമണങ്ങളിൽ ഖാൻ യൂനിസിന്റെ മിക്ക ഭാഗങ്ങളിലുമുള്ള വീടുകൾ തകർന്ന് വാസയോഗ്യമല്ലാതായിട്ടുണ്ട്.
ഇസ്രായേൽ റഫ ആക്രമണം തുടങ്ങിയതോടെ ചിലർ ഖാൻ യൂനിസിലേക്ക് തിരിച്ചുവന്നെങ്കിലും ഒന്നും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിൽ തകർന്നിരുന്നു. ഇതിനിടെയാണ് ഖാൻ യൂനുസിൽ വീണ്ടും ആക്രമണം തുടങ്ങിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 25 ഫലസ്തീനികൾ കൊല്ലപ്പെടുകയും 81 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അധിനിവേശം കവർന്നത് 8,572ലേറെ വിദ്യാർഥികളുടെ ജീവൻ
ഗസ്സ: ഇസ്രായേൽ അധിനിവേശ സേനയുടെ ക്രൂരമായ ആക്രമണങ്ങളിൽ പൊലിഞ്ഞത് ആയിരക്കണക്കിന് വിദ്യാർഥികളുടെ ജീവൻ. പോയവർഷം ഒക്ടോബർ മുതലുള്ള കണക്കാണിത്.
ഗസ്സയിൽ മാത്രം 8,572 വിദ്യാർഥികൾക്കും അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ 100 വിദ്യാർഥികൾക്കും ജീവൻ നഷ്ടപ്പെട്ടതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 497 അധ്യാപകരും ജീവനക്കാരും കൊല്ലപ്പെട്ടു. 3402 പേർക്ക് പരിക്കേറ്റു. 350ലേറെ സർക്കാർ സ്കൂളുകളും ഐക്യരാഷ്ട്ര സഭയുടെ 65 സ്കൂളുകളും ബോംബേറിൽ തകർന്നു.
6,20,000 വിദ്യാർഥികൾക്ക് സ്കൂളിൽ പ്രവേശനം നേടാൻ അവസരം നഷ്ടപ്പെട്ടു. ഭൂരിഭാഗം വിദ്യാർഥികളും കടുത്ത മാനസികാഘാതം നേരിടുന്നതായും മന്ത്രാലയം തയാറാക്കിയ റിപ്പോർട്ട് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.