ഇന്ത്യയിലേക്ക് എത്തുന്ന പ്രവാസിപ്പണം എട്ട് ലക്ഷം കോടി കടക്കും
text_fieldsവാഷിങ്ടൺ: ഇന്ത്യയിലേക്കുള്ള പണമൊഴുക്ക് ഈ വർഷം 10,000 കോടി ഡോളറിലെത്തുമെന്ന് (8.2 ലക്ഷം കോടി രൂപ) ലോകബാങ്ക്. 12 ശതമാനമാണ് വർധന. ലോകത്ത് ആദ്യമായാണ് ഒരു രാജ്യത്ത് ഇത്രയും തുകയെത്തുന്നത്. യു.എസിലെയും മറ്റ് വികസിത രാജ്യങ്ങളിലെയും വേതന വർധനയും ശക്തമായ തൊഴിൽ വിപണിയുമാണ് വർധനക്ക് കാരണം.
കൂടാതെ, ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ചയും പണമയക്കൽ കൂടാൻ കാരണമാകാം. ആഗോളതലത്തിലുള്ള കുടിയേറ്റക്കാർ സ്വദേശത്തേക്ക് അയച്ച പണത്തിന്റെ അളവ് 2022ൽ അഞ്ചു ശതമാനം വർധിച്ചു. മെക്സികോ, ചൈന, ഈജിപ്ത്, ഫിലിപ്പീൻസ് എന്നിവയാണ് വിദേശപണം എത്തുന്നതിൽ മുൻനിരയിലുള്ള മറ്റു രാജ്യങ്ങൾ.
കോവിഡ് മഹാമാരി സൃഷ്ടിച്ച സാഹചര്യങ്ങൾ ഇന്ത്യയിലേക്കുള്ള പണമയക്കൽ കൂടാൻ കാരണമായെന്നും ലോകബാങ്ക് റിപ്പോർട്ട് വിലയിരുത്തുന്നു. ഇന്ത്യക്കാരുടെ പതിവ് കുടിയേറ്റ കേന്ദ്രമായ ഗൾഫ് രാജ്യങ്ങളിലെ അവിദഗ്ധ, ചെറു ജോലികളിൽനിന്ന് യു.എസ്, യു.കെ, സിംഗപ്പൂർ, ജപ്പാൻ, ആസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിലേക്ക് ചേേക്കറിയതാണ് ഈ വർധനക്ക് കാരണം.
10,000 കോടി ഡോളർ ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപ ഒഴുക്കിനെക്കാൾ 25 ശതമാനം കൂടുതലാണ്.
വിദേശനിക്ഷേപം ഈ വർഷം 8000 കോടി ഡോളറിലെത്തുമെന്നാണ് സർക്കാർ കണക്കാക്കുന്നത്. പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണം ഇറക്കുമതിയും കയറ്റുമതിയും സൃഷ്ടിക്കുന്ന വിടവ് നികത്താനും സഹായിക്കും.
2016-17നും 2020-21നും ഇടയിൽ യു.എസ്, യു.കെ, സിംഗപ്പൂർ എന്നിവിടങ്ങളിൽനിന്നുള്ള പണമയക്കൽ വിഹിതം 26ൽനിന്ന് 36 ശതമാനമായി ഉയർന്നപ്പോൾ സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഒമാൻ, ഖത്തർ എന്നീ അഞ്ച് ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള വിഹിതം 54ൽനിന്ന് 28 ശതമാനമായി കുറഞ്ഞതായും ലോക ബാങ്ക് പറഞ്ഞു.
2020-21ൽ യു.എ.ഇയെ പിന്തള്ളി മൊത്തം പണത്തിന്റെ 23 ശതമാനം വിഹിതവുമായി യു.എസ് മുന്നിലെത്തിയിരുന്നു. യു.എസ് സെൻസസ് പ്രകാരം 2019ൽ യു.എസിലെ ഇന്ത്യക്കാരുടെ എണ്ണം 50 ലക്ഷമാണ്. 57 ശതമാനം പേരും 10 വർഷത്തിലേറെയായി യു.എസിൽ താമസിക്കുന്നവരാണ്. ഈ കാലയളവിൽ പലരും ബിരുദം നേടിയത് ഉയർന്ന വരുമാനമുള്ള ജോലി നേടാൻ സഹായകമായെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.