കാലാവസ്ഥ വളരെ മോശം; അടുത്ത മൂന്നു മാസത്തിനിടെ ചൈനയിൽ 60 ശതമാനം പേർക്കും കോവിഡ് ബാധിച്ചേക്കും
text_fieldsബെയ്ജിങ്: ലോകം മുഴുവൻ കോവിഡിനെ ഏതാണ്ട് വരുതിയിലാക്കിയിട്ടും വൈറസിന്റെ ഉറവിട കേന്ദ്രമായ ചൈന ഇപ്പോഴും പൊരുതുകയാണ്. കടുത്ത കോവിഡ് നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞ ശേഷം രാജ്യത്ത് വൻതോതിൽ വൈറസ് വ്യാപനമാണുണ്ടാകുന്നത്. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കുതിച്ചുയരുകയാണ്. ചൈനയിലെ ആശുപത്രികളെല്ലാം നിറഞ്ഞുകവിഞ്ഞിരിക്കയാണ്. അടുത്ത മൂന്നുമാസം കൊണ്ട് ചൈനയിലെ 60 ശതമാനം പേർക്കും കോവിഡ് ബാധിച്ചേക്കാമെന്നാണ് എപിഡമിയോളജിസ്റ്റുകളുടെ വിലയിരുത്തൽ. ലോകജനസംഖ്യയുടെ 10 ശതമാനം വരുമിത്. മരണസംഖ്യ ദശലക്ഷങ്ങൾ കടക്കുമെന്നും വിലയിരുത്തലുകളുണ്ട്.
അടുത്തിടെ ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിലെ ശ്മശാനങ്ങൾ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ കൊണ്ട് നിറഞ്ഞതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു.
എന്നാൽ അടുത്തൊന്നും കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് ഔദ്യോഗിക റിപ്പോർട്ട്. നവംബർ 19നും 23നുമിടെ നാല് കോവിഡ് മരണങ്ങളാണ് ഏറ്റവുമൊടുവിലായി പുറത്തുവന്ന ഔദ്യോഗിക കണക്ക്. മരുന്നുകൾ പോലും എല്ലായിടത്തും തീർന്നിരിക്കയാണ്.
നാരങ്ങ വ്യാപാരം കൊഴുക്കുന്നു
കോവിഡ് പ്രതിരോധത്തിന് അനിവാര്യമായി കരുതുന്ന ഒന്നാണ് വൈറ്റമിൻ സി. അതിനാൽ ചൈനയിൽ നാരങ്ങ വ്യാപാരം കുതിച്ചുയരുകയാണിപ്പോൾ. പലരും കൃഷിഭൂമിയുടെ 70 ശതമാനവും നാരങ്ങയാണ് കൃഷി ചെയ്യുന്നത്. പ്രതിദിനം ഇപ്പോൾ 20-30 ടൺ നാരങ്ങയാണ് വിറ്റുപോയത്. അഞ്ച് ടൺ ആയിരുന്നു അതിനു മുമ്പ് വിറ്റുപോയിരുന്നത്. ആവശ്യം കൂടിയതോടെ ഇതിന്റെ വിലയും കുതിച്ചുയരുകയാണ്. നാലഞ്ചുദിവസത്തിനിടെ വില ഇരട്ടിയായാണ് വർധിച്ചിരിക്കുന്നത്.
500 ഗ്രാമിന് ഏതാണ്ട് 12 രൂപക്കാണ് ഇപ്പോൾ വിൽപന. ഇതുപോലെ ഓറഞ്ചു പോലുള്ള പഴവർഗങ്ങളുടെയും വില കുതിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.