വാക്സിൻ ഇടവേള നീട്ടുന്നത് കോവിഡ് വകഭേദങ്ങൾ ബാധിക്കാനിടയാക്കും -ഡോ. ഫൗചി
text_fieldsവാഷിങ്ടൺ: കോവിഡ് പ്രതിരോധ വാക്സിൻെറ രണ്ട് ഡോസുകൾ തമ്മിലെ ഇടവേള നീട്ടുന്നത് കൊറോണ വൈറസിൻെറ വകഭേദങ്ങളിലൊന്ന് ആളുകളിൽ ബാധിക്കാൻ കാരണമാകുമെന്ന് അമേരിക്കൻ പ്രസിഡൻറിൻെറ മെഡിക്കൽ ഉപദേഷ്ടാവും കോവിഡ് പ്രതിരോധ വിദഗ്ധനുമായ ഡോ. ആൻറണി ഫൗചി. മോദി സർക്കാറിൻെറ പുതുക്കിയ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ കോവിഷീൽഡ് ഡോസുകൾ തമ്മിലെ ഇടവേള നീട്ടിയത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
'എം.ആർ.എൻ.എ സാങ്കേതികത അടിസ്ഥാനമാക്കിയുള്ള വാക്സിനുകളായ ഫൈസറിൻെറയും മോഡേണയുടെയും ഇടവേള യഥാക്രമം മൂന്നും നാലും ആഴ്ചയാണ്. ഇത് നീട്ടിയാൽ പുതിയ ഏതെങ്കിലും കൊറോണ വൈറസ് വകഭേദങ്ങൾക്ക് ആളുകൾ ഇരയാകാൻ സാധ്യതയുണ്ട്.
ബ്രിട്ടനിൽ ഇടവേള നീട്ടിയത് നമ്മൾ കണ്ടു. ആ കാലയളവിൽ പലർക്കും രോഗം ബാധിച്ചു. അതിനാൽ മുൻ നിശ്ചയിച്ച കാലയളവിൽ തന്നെ നൽകുകയാണ് നല്ലത്. എന്നാൽ, ഇന്ത്യയിൽ വാക്സിൻ ലഭ്യത കുറവാണ്. അതാണ് ഡോസുകൾക്കിടയിലെ ഇടവേള നീട്ടാൻ കാരണമായത്' -ഫൗചി വിശദീകരിച്ചു.
കഴിഞ്ഞമാസമാണ് ഇന്ത്യയിൽ കോവിഷീൽഡിന്‍റെ രണ്ടു ഡോസുകൾ തമ്മിലെ ഇടവേള ദീർഘിപ്പിക്കാൻ വിദഗ്ധ സമിതി നിർദേശം നൽകിയത്. 12 മുതൽ 16 ആഴ്ചകളുടെ ഇടവേളയിൽ രണ്ടാം ഡോസ് വാക്സിൻ നൽകിയാൽ മതിയെന്നായിരുന്നു നിർദേശം. അതേസമയം, കോവാക്സിന്റെ ഇടവേളകളിൽ മാറ്റം വരുത്തിയിരുന്നില്ല. അത് നാലു മുതൽ ആറ് ആഴ്ചയായി തുടരുന്നു.
കോവിഷീൽഡ് വാക്സിന്റെ ഇടവേള വർധിപ്പിക്കുന്നത് ശരീരത്തിലെ പ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ ഗുണകരമാകുമെന്നാണ് സമിതി അറിയിച്ചത്. കോവിഡ് രോഗമുക്തർക്ക് ആറുമാസത്തിന് ശേഷം വാക്സിൻ നൽകിയാൽ മതിയെന്നും നിർദേശത്തിലുണ്ടായിരുന്നു.
രണ്ട് തവണയാണ് കോവിഷീൽഡ് വാക്സിൻ േഡാസുകളുടെ ഇടവേള നീട്ടിയത്. മാർച്ചിൽ ഇടവേള 28 ദിവസത്തിൽനിന്ന് ആറ്-എട്ട് ആഴ്ചയായി ദീർഘിപ്പിച്ചിരുന്നു. അതാണ് പിന്നീട് 12-16 ആഴ്ചയാക്കി നീട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.