അത്യുഷ്ണവും കാട്ടുതീയും; യൂറോപ്പിന് പൊള്ളുന്നു
text_fieldsലണ്ടൻ: സമാനതകളില്ലാത്ത അത്യുഷ്ണം പിടിമുറുക്കിയ യൂറോപ്പിൽ ജനജീവിതം കൈവിടുന്നു. ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽ സമീപകാലത്തെ ഏറ്റവും ഉയർന്ന താപനിലയാണ് തിങ്കളാഴ്ചയും തൊട്ടുമുൻ ദിവസങ്ങളിലും റിപ്പോർട്ട് ചെയ്തത്. ഉയർന്ന താപനിലക്കൊപ്പം കാട്ടുതീ പല മേഖലകളിലും പടരുന്നത് സ്ഥിതി സങ്കീർണമാക്കുകയാണ്. ഫ്രാൻസിനും ബ്രിട്ടനും പുറമെ ഗ്രീസ്, പോർചുഗൽ, സ്പെയിൻ എന്നീ രാജ്യങ്ങളിലാണ് അത്യുഷ്ണം കൂടുതൽ അപകടം വിതക്കുന്നത്. നിരവധി പേർ മരണത്തിന് കീഴടങ്ങിയ ഇവിടങ്ങളിൽ ആയിരക്കണക്കിന് ഹെക്ടർ വനമേഖല ചാമ്പലായിട്ടുണ്ട്.
ചൂട് നിയന്ത്രണാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ഫ്രാൻസിൽ വിവിധ വകുപ്പുകൾക്ക് പ്രത്യേക ജാഗ്രത നിർദേശം നൽകി. രാജ്യത്ത് അക്വിറ്റെയ്ൻ പ്രവിശ്യയിൽ 42 ഡിഗ്രിക്കു മുകളിലായിരുന്നു തിങ്കളാഴ്ച താപനില. ജിറോൻഡ് മേഖലയിൽ 11,000 ഹെക്ടർ കാടാണ് ഒരാഴ്ചക്കിടെ കത്തിയമർന്നത്. 16,000 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. സ്പെയിനിലും സമാനമായി നിരവധി മേഖലകളിൽ കാട്ടുതീ പടരുകയാണ്. തെക്ക്, അന്തലൂസിയ മേഖലയിൽ മാത്രം 2,000 ഹെക്ടറാണ് അഗ്നിയെടുത്തത്.
മലാഗയിൽ ആയിരങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ ചൂട് 46.7 ഡിഗ്രി വരെയായി ഉയർന്നു. വനമേഖലകളിലെ തീ അണക്കാൻ ഹെലികോപ്റ്ററുകളുടെ സേവനം പ്രയോജനപ്പെടുത്തിവരികയാണ്. സ്പെയിൻ, പോർച്ചുഗൽ രാജ്യങ്ങളിൽ ഒരാഴ്ചക്കിടെ ആയിരത്തിലേറെ മരണം അത്യുഷ്ണവുമായി ബന്ധപ്പെട്ടാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.