യു.എസ് ഉപരോധത്തിനു പിന്നാലെ റഷ്യൻ മാധ്യമങ്ങളെ വിലക്കി ‘മെറ്റ’
text_fieldsമോസ്കോ: വിദേശ രാജ്യങ്ങളിലുള്ള ഇടപെടൽ ആരോപിച്ച് റഷ്യൻ ദേശീയ മാധ്യമത്തെ നിരോധിച്ച് ഫെയ്സ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും ഉടമയായ ‘മെറ്റ’. റഷ്യൻ പിന്തുണയുള്ള മാധ്യമങ്ങൾക്തെിരെ യു.എസ് ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെ ടെക് ഭീമന്റെ പ്രഖ്യാപനം.
സൂക്ഷ്മമായ പരിശോധനക്കുശേഷം റഷ്യൻ സ്റ്റേറ്റ് മീഡിയ ഔട്ട്‌ലെറ്റുകൾക്കെതിരായ നിലവിലുള്ള നീക്കം കൂടുതൽ വിപുലമാക്കിയതായും വിദേശ ഇടപെടൽ പ്രവർത്തനത്തിന്റെ ഫലമായി റൊസിയ സെഗോഡ്‌ന്യ, ആർ.ടി എന്നിവയും മറ്റ് അനുബന്ധ സ്ഥാപനങ്ങളും തങ്ങളുടെ ആപ്പുകളിൽ ആഗോളവ്യാപകമായി നിരോധിച്ചതായും മെറ്റയുടെ വക്താവ് പ്രസ്താവനയിൽ പറഞ്ഞു. റഷ്യൻ സർക്കാർ നിയന്ത്രണത്തിലുള്ള അന്തർദേശീയ ടെലിവിഷൻ നെറ്റ്‍വർക്കായ ആർ.ടിക്ക് ഫേസ്ബുക്കിൽ 72ലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. വിലക്കിനോടിവർ പ്രതികരിച്ചിട്ടില്ല. എന്നാൽ മുമ്പ് തങ്ങളെ ലക്ഷ്യമിട്ടുള്ള യു.എസ് നടപടികളെ പരിഹസിച്ചിരുന്നു.
റഷ്യയുടെ ഇന്‍റലിജൻസ് സംവിധാനത്തിലെ പൂർണ അംഗം എന്ന നിലയിൽ ആർ.ടിയെ യു.എസ് വിശേഷിപ്പിച്ചിരുന്നു. അന്താരാഷ്ട്ര സമൂഹത്തെ അതിനെക്കുറിച്ച് ബോധവൽക്കരിക്കാനുള്ള നയതന്ത്ര ശ്രമം ആരംഭിക്കുന്നതായും ബൈഡൻ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. ‘റഷ്യയുടെ നുണകൾക്കുള്ള ഞങ്ങളുടെ ഏറ്റവും ശക്തമായ മറുമരുന്ന് സത്യമാണെന്നായിരുന്നു’ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കെൻ വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ഇരുളിന്റെ മറവിൽ റഷ്യ ചെയ്യാൻ ശ്രമിക്കുന്ന കാര്യങ്ങളിലേക്ക് അത് വെളിച്ചം വീശുന്നുവെന്നും പറഞ്ഞു. ടെന്നസി ആസ്ഥാനമായുള്ള ഒരു വലതുപക്ഷ മാധ്യമ കമ്പനിക്ക് രഹസ്യമായി ധനസഹായം നൽകാൻ പദ്ധതിയിട്ട രണ്ട് ആർ.ടി ജീവനക്കാരെ യു.എസ് ഡിപ്പാർട്ട്മെന്‍റ് ഓഫ് ജസ്റ്റിസ് ഈ മാസം ആദ്യം കുറ്റം ചുമത്തുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.