സാഹോദര്യത്തിന്റെ ഒറ്റ ടിക്കറ്റ് കാത്ത് ഫൈസലും കമലും
text_fieldsബുക്കറസ്റ്റ്: ശരണാർഥികളായി ഓടിപ്പോവുന്നവർ പോലും വംശീയവിവേചനത്തിനിരയാവുന്ന യുക്രെയ്ൻ യുദ്ധഭൂമിയിൽനിന്ന് ഒരു ഇന്ത്യൻ സ്നേഹഗാഥ. നാടുപിടിക്കാൻ എല്ലാവരും നെട്ടോട്ടമോടുമ്പോൾ യാത്ര തരപ്പെടാത്ത കൂട്ടുകാരനെ കൈവിടാൻ മനസ്സില്ലാതെ കൈയിൽ കിട്ടിയ ടിക്കറ്റ് ത്യജിച്ച ഇന്ത്യൻ വിദ്യാർഥി മുഹമ്മദ് ഫൈസലാണ് മനുഷ്യപ്പറ്റിന്‍റെ പുതിയ കഥ കുറിച്ചത്. യുക്രെയ്നിലെ ഇവാനോ ഫ്രാങ്ക്വിസ്ക് നാഷനൽ മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ സഹപാഠികളായ യു.പി ഹാപൂർ സ്വദേശി ഫൈസലും വാരാണസി പാണ്ടേപുരിലെ കമൽസിങ് രാജ്പുതുമാണ് സ്നേഹകഥയിലെ പാത്രങ്ങൾ.
റഷ്യൻ അധിനിവേശത്തിന്‍റെ സൂചനകൾ കണ്ടു തുടങ്ങുമ്പോൾ വിമാനടിക്കറ്റ് പരതുകയായിരുന്നു വിദ്യാർഥികളും നാട്ടിൽ കുടുംബങ്ങളും. ഫൈസലിന് ഫെബ്രുവരി 22ന് പിറ്റേന്നാളത്തേക്ക് ടിക്കറ്റ് ശരിയായി. സന്തോഷവിവരം സഹപാഠി കമൽസിങ്ങിനോടു പറഞ്ഞപ്പോൾ അവന്‍റെ മുഖം വാടി. ടിക്കറ്റിന് ശ്രമിച്ചിട്ട് കിട്ടാതെ നിരാശയിലായിരുന്നു അവൻ. അതുകണ്ട ഫൈസലിന്‍റെ മനസ്സലിഞ്ഞു. അവൻ കിട്ടിയ ടിക്കറ്റിൽ യാത്ര വേണ്ടെന്നു വെച്ചു പോകുന്നെങ്കിൽ കമലുമൊത്തു തന്നെ എന്നുറപ്പിച്ചു.
''എല്ലാവരും ഇവിടെനിന്നു ജീവനും കൊണ്ടോടുന്ന നേരത്താണ് ഫൈസൽ കിട്ടിയ വിമാനം വേണ്ടെന്നുവെച്ചത്. വീട്ടിൽനിന്ന് എല്ലാവരും 23നു യാത്ര തിരിക്കാനാവശ്യപ്പെട്ടപ്പോൾ ഞാനും നിർബന്ധിച്ചതാണ്, പൊയ്ക്കോളൂ, ഞാൻ പിറകെ ശ്രമിച്ചു വന്നോളാം എന്ന്. എന്നാൽ, അവൻ എന്നെ വിട്ടുപോകാൻ കൂട്ടാക്കിയില്ല''-ബി.ബി.സി ലേഖകനോടു വിവരം പറയുമ്പോൾ കമലിന്‍റെ കണ്ഠമിടറി. ''വീട്ടിൽനിന്ന് ഉമ്മ വിളിച്ചു പറഞ്ഞിരുന്നു. ഞാൻ കൂട്ടാക്കിയില്ല. എന്‍റെ ടിക്കറ്റിൽ ഞങ്ങളുടെ കോൺട്രാക്ടർ മറ്റൊരാളെ ഇന്ത്യയിലെത്തിച്ചു. നല്ല കാലത്തെ സുഹൃത്തിനെ ആപത്തു കാലത്തു കൈവിടുന്നതു ശരിയല്ലെന്നു മനസ്സ് മന്ത്രിച്ചു. കമലിന് ടിക്കറ്റ് ബുക്ക് ചെയ്തിട്ട് കിട്ടുന്നില്ല. എങ്കിൽ അവനെ ഉപേക്ഷിച്ചു പോകേണ്ട എന്നു ഞാനും തീരുമാനിച്ചു''-ഫൈസലിന്‍റെ ഉറച്ച വാക്കുകൾ.
''അവന്‍റെ തീരുമാനം കേട്ട് ഞങ്ങൾ ഞെട്ടിപ്പോയി. കുട്ടിയുടെ സുരക്ഷയെക്കുറിച്ചായിരുന്നു ഞങ്ങൾക്ക് ആധി. അവൻ പറഞ്ഞത് ആദ്യം ഉൾക്കൊള്ളാനായില്ല. പിന്നെ, മോൻ നല്ലൊരു കാര്യമാണല്ലോ ചെയ്തത്. അതിന്‍റെ പുണ്യമുണ്ടാകും എന്നു കരുതി സമാധാനിക്കുന്നു. ഇപ്പോൾ ഇരുവർക്കും വേണ്ടി പ്രാർഥിക്കുകയാണ് ഞങ്ങൾ'' ഹാപൂരിലെ വീട്ടിൽനിന്നു ഫൈസലിന്‍റെ മാതാവ് സൈറ പറഞ്ഞു. പിതാവ് സൗദി അറേബ്യയിൽ ഒരു കമ്പനിയിൽ തൊഴിലാളിയാണ്. കമലിന്‍റെ പിതാവ് ഉദയ് നാരായൺ സിങ് പാണ്ടേപുരിൽ ആശുപത്രി നടത്തുന്നു.
കമലും ഫൈസലും കഴിഞ്ഞ ഡിസംബർ 11ന് കിയവ് വിമാനത്താവളത്തിൽ വെച്ചാണ് പരിചയപ്പെട്ടത്. ഇരുവരും ഒരേ ട്രെയിനിൽ ഇവാനിലെ യൂനിവേഴ്സിറ്റിയിലെത്തി. അഡ്മിഷൻ സമയത്ത് ഒരേ ഹോസ്റ്റലിൽ ചേർന്നു. അതിൽപിന്നെ വേർപിരിഞ്ഞിട്ടില്ല.
യാത്ര മുടക്കിയ ഫൈസൽ കമലുമൊന്നിച്ചു കഴിഞ്ഞ ശനിയാഴ്ച യുക്രെയ്ൻ വിട്ടു. ബസ് വഴി റുമേനിയൻ അതിർത്തിക്കു 10 കിലോമീറ്റർ അടുത്തെത്തി. അവിടെ നിന്നു കാൽനടയായി അതിർത്തി കടന്നു. വമ്പിച്ച ആൾത്തിരക്കായിരുന്നു. ഓരോരുത്തരും അതിർത്തി കടന്ന് അപ്പുറമെത്താൻ തിക്കിത്തിരക്കുകയാണ്. ഇരുവരും കൂട്ടം തെറ്റാതിരിക്കാൻ പരസ്പരം കൈകൾ കോർത്തുപിടിച്ചു. അതിനിടെ യുക്രെയ്ൻ സൈനികൻ തോക്കിന്‍റെ ചട്ട കൊണ്ട് അടിച്ചു. വേദനകൊണ്ട് പുളഞ്ഞപ്പോഴും കൂട്ടുകാരന്‍റെ കൈവിട്ടില്ലെന്ന് ഫൈസൽ.
ഞായറാഴ്ച രാവിലെ ആറിന് അതിർത്തിയിലെത്തി. ഇപ്പോൾ അതിർത്തിയിലെ അഭയാർഥി ക്യാമ്പിൽ ഇന്ത്യയിലേക്കുള്ള വിമാനവും കാത്തിരിക്കുകയാണ് ഇരുവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.