900 കോടി രൂപ നഷ്ടപരിഹാരം വേണം; ഇറ്റലിയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾ സർക്കാരിനെതിരെ കോടതിയിൽ
text_fieldsറോം: പ്രധാനമന്ത്രിയടക്കമുള്ള ദേശീയ, പ്രാദേശിക, അധികാരികൾക്കെതിരെ നിയമനടപടിക്കൊരുങ്ങി ഇറ്റലിയിൽ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ 500 ഒാളം ബന്ധുക്കൾ രംഗത്ത്. കോവിഡ് മഹാമാരിയെ തുടക്കത്തിൽ തന്നെ നിയന്ത്രിക്കുന്നതിൽ നിന്ന് ഭരണാധികാരികൾ പരാജയപ്പെെട്ടന്നും അവരാണ് തങ്ങളുടെ നഷ്ടങ്ങൾക്ക് കാരണക്കാരെന്നും കാട്ടിയാണ് ബന്ധുക്കൾ കോടതി കയറുമെന്ന് അറിയിച്ചിരിക്കുന്നത്. കൂടാതെ 100 ദശലക്ഷം യൂറോ (900 കോടി രൂപ) നഷ്ടപരിഹാരവും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെ, ആരോഗ്യമന്ത്രി റോബർട്ടോ സ്‌പെറാൻസ, വടക്കുകിഴക്കൻ ലോംബാർഡി മേഖലയിലെ ഗവർണർ അറ്റിലിയോ ഫോണ്ടാന എന്നിവർക്കെതിരെ റോം കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്യുമെന്നാണ് മരിച്ചവരുടെ ബന്ധുക്കൾ അറിയിച്ചിരിക്കുന്നത്. അതേസമയം മൂന്ന് രാഷ്ട്രീയക്കാരുടെയും വക്താക്കൾ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല.
ലോംബാർഡിയിലെ ഏറ്റവും വലിയ കോവിഡ് ദുരിത ബാധിത നഗരങ്ങളിലൊന്നായ ബെർഗാമോയിൽ വെച്ച് മരിച്ച ആളുകളുടെ ബന്ധുക്കളെ പ്രതിനിധീകരിക്കുന്നതിനായി ഏപ്രിലിൽ ഉണ്ടാക്കിയ 'Noi Denunceremo' (ഞങ്ങൾ കോടതിയിൽ പോകും) എന്ന കമ്മിറ്റിയാണ് കേസുമായി മുന്നോട്ടുവന്നത്. 'ഇൗ പ്രത്യേക സാഹചര്യത്തിലും ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്യാത്തവർക്കുള്ള ക്രിസ്മസ് സമ്മാനമാണിതെന്ന് കമ്മിറ്റിയുടെ പ്രസിഡൻറ് ലൂക്കാ ഫുസ്ക്കോ പ്രസ്താവനയിൽ പറഞ്ഞു.
ലോംബാർഡിയിൽ കോവിഡ് മഹാമാരി ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ, ദേശീയ, പ്രാദേശിക സർക്കാറുകൾ അതിവേഗ നടപടികൾ സ്വീകരിക്കുന്നതിൽ പരാജയപ്പെട്ടു. അങ്ങനെ ചെയ്തിരുന്നെങ്കിൽ രാജ്യമൊട്ടാകെ പ്രഖ്യാപിച്ച ലോക്ഡൗണും അതിനെ തുടർന്നുണ്ടായ ഭീമൻ സാമ്പത്തിക പ്രശ്നങ്ങളും ഒഴിവാക്കാമായിരുന്നു. കമ്മിറ്റി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
Latest News:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.