മ്യൂസിയത്തിൽ ആരുമറിയാതെ താമസിച്ച് ഒരു കുടുംബം; കൂട്ടിന് എ.കെ 47 അടക്കമുള്ള ആയുധങ്ങളും
text_fieldsന്യൂയോർക്ക്: ചിൽഡ്രൻസ് മ്യൂസിയത്തിൽ ആരുമറിയാതെ താമസിച്ച കുടുംബത്തെ പൊലീസ് കണ്ടെത്തി, അതും ആയുധങ്ങളുമായി. യു.എസിലെ നെവാഡയിലാണ് സംഭവം. രണ്ട് കുട്ടികളുമായാണ് ദമ്പതികൾ മ്യൂസിയത്തിൽ കഴിഞ്ഞിരുന്നത് എന്നാണ് വിവരം. ഇവരുടെ കൈയിൽ തോക്കുകളടക്കമുള്ള ആയുധങ്ങളുമുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്.
നോർത്തേൺ നെവാഡയിലെ ചിൽഡ്രൻസ് മ്യൂസിയത്തിലെ ഒരു കാവൽക്കാരനെ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഗതി വെളിച്ചത്തായത്. രണ്ട് വയസ്സുള്ള ഒരു കുട്ടി മ്യൂസിയത്തിന്റെ സമീപത്ത് അലഞ്ഞുതിരിയുന്നത് കണ്ടതിനെത്തുടർന്ന് ഇയാളെ നേരത്തേയും പൊലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും ചോദ്യങ്ങളിൽനിന്ന് ഇയാൾ ഒഴിഞ്ഞുമാറുകയായിരുന്നു. ഇതെത്തുടർന്ന് സംശയം തോന്നിയ അധികൃതർ ഇയാളെ നിരീക്ഷിച്ചുകൊണ്ടിരുന്നു. മ്യൂസിയം ബോർഡിലെ അംഗത്തോടൊപ്പം പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ മ്യൂസിയത്തിൽ ആളുകൾ താമസിക്കുന്നതിന്റെ പല അടയാളങ്ങളും കണ്ടെത്തി. സ്ലീപ്പിങ് ബാഗ്, മെത്തകൾ, ഭക്ഷണ സാധനങ്ങൾ തുടങ്ങിയവയെല്ലാം ഇവിടെനിന്ന് കണ്ടെത്തി. സന്ദർശകർക്ക് കർശന നിയന്ത്രണമുള്ള മ്യൂസിയത്തിൽ ഇവയൊന്നും അനുവദനീയവുമല്ല.
മ്യൂസിയത്തിലെ കാവൽക്കാരനെ ചോദ്യം ചെയ്തശേഷം നടന്ന പരിശോധനയിൽ ഇയാളും കുടുംബവും കുറേ നാളുകളായി അവിടെ തങ്ങുന്നതായി കണ്ടെത്തി. അതുകൂടാതെ ഒരു എ.കെ 47നും മൂന്ന് കൈത്തോക്കുകളും ഉൾപ്പെടെ നിരവധി ആയുധങ്ങളും ഇവരുടെ പക്കൽനിന്ന് ലഭിച്ചതായി പൊലീസ് അറിയിച്ചു. മ്യൂസിയത്തിലെ മാനേജർമാരിൽ ഒരാൾകൂടിയാണ് ഇയാളുടെ ഭാര്യ. ഇവർക്കെതിരെ എന്ത് നടപടി സ്വീകരിക്കും എന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. ദമ്പതികളെ അവരുടെ ചുമതലയിൽനിന്നും പുറത്താക്കിയതായും പുതിയ മാനേജർ ചുമതലയേൽക്കുന്നതുവരെ മ്യൂസിയം അടച്ചിടുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.