വെടിനിർത്തിയാൽ നെതന്യാഹുവിനെ വീഴ്ത്തുമെന്ന് തീവ്രപക്ഷ മന്ത്രിമാർ
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവെച്ച ഗസ്സ വെടിനിർത്തൽ നിർദേശം നടപ്പാക്കിയാൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് പിന്തുണ പിൻവലിക്കുമെന്ന ഭീഷണിയുമായി തീവ്രവലതുപക്ഷ മന്ത്രിമാർ. മന്ത്രിസഭയെ തന്നെ താഴെയിടുമെന്നാണ് ധനമന്ത്രി ബെസാലെൽ സ്മോട്രിച്ചും ദേശീയ സുരക്ഷാ മന്ത്രി ഇറ്റമർ ബെൻഗ്വിറും മുന്നറിയിപ്പ് നൽകിയത്. എന്നാൽ, വെടിനിർത്തലിന് നെതന്യാഹു ഒരുക്കമാണെങ്കിൽ സർക്കാറിനെ പിന്തുണക്കുമെന്ന് പ്രതിപക്ഷ നേതാവ് യായർ ലാപിഡ് വ്യക്തമാക്കിയിട്ടുണ്ട്.
മൂന്നു ഘട്ടങ്ങളിലായുള്ള വെടിനിർത്തൽ നിർദേശമാണ് ബൈഡൻ മുന്നോട്ടുവെച്ചിരിക്കുന്നത്. ആറാഴ്ച നീളുന്ന ആദ്യ ഘട്ടത്തിൽ ഗസ്സയിൽനിന്ന് ഇസ്രായേൽ സൈന്യം പിന്മാറും. അനുബന്ധമായി, ഘട്ടംഘട്ടമായി ബന്ദികളുടെയും നൂറുകണക്കിന് ഫലസ്തീൻ തടവുകാരുടെയും മോചനം നടക്കും. ബന്ദികളിൽ ആദ്യം സിവിലിയന്മാരെയും പിന്നീട് സൈനികരെയുമാകും വിട്ടയക്കുക. പ്രതിദിനം 600 എണ്ണമെന്ന തോതിൽ സഹായട്രക്കുകളും കടത്തിവിടും. ഗസ്സയിൽ യുദ്ധവിരാമവും പുനർനിർമാണവും അവസാനമായി നടപ്പാക്കും. എന്നാൽ, ഹമാസിനെ ഇല്ലാതാക്കുംവരെ യുദ്ധം തുടരുമെന്നായിരുന്നു നെതന്യാഹുവിന്റെ ആദ്യ പ്രതികരണം. നിലവിൽ ബെൻഗ്വിറിന്റെ ഒറ്റ്സ്മ യെഹൂദിത് കക്ഷിക്ക് ആറും സ്മോട്രിച്ചിന്റെ റിലീജ്യസ് സയണിസം പാർട്ടിക്ക് ഏഴും സീറ്റുണ്ട്. ഇവ രണ്ടും പിന്തുണച്ചാണ് നെതന്യാഹു സർക്കാർ നിലനിൽക്കുന്നത്. പുതുതായി പിന്തുണ പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് യായർ ലാപിഡിന്റെ യെഷ് അതിദ് കക്ഷിക്ക് 24 സീറ്റുണ്ട്. തീവ്രവലതുപക്ഷം പിന്തുണ പിൻവലിച്ചാലും സർക്കാർ വീഴില്ലെന്നതിനാൽ നെതന്യാഹുവിന് നിലവിൽ ആശങ്കകളില്ല.
വെടിനിർത്തൽ ചർച്ചകൾക്കായി ഇസ്രായേൽ, ഈജിപ്ത്, യു.എസ് ഉദ്യോഗസ്ഥർ കൈറോയിൽ സമ്മേളിക്കുന്നുണ്ട്. നിർദേശത്തിന് അന്തിമരൂപം നൽകുകയും ഹമാസിനെയും ഇസ്രായേലിനെയും ഇത് സമ്മതിപ്പിക്കുകയും ചെയ്യലാണ് ലക്ഷ്യം.
60 മരണം കൂടി; ആകെ 36,439
ഗസ്സ സിറ്റി: ഇസ്രായേൽ കുരുതി തുടരുന്ന ഗസ്സയിൽ 24 മണിക്കൂറിനിടെ 60 പേർ കൂടി കൊല്ലപ്പെട്ടു. 220 പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇതോടെ 36,439 ആയി. പരിക്കേറ്റവർ 82,627. 20 ദിവസത്തെ ആക്രമണമവസാനിപ്പിച്ച് നേരത്തെ അധിനിവേശസേന മടങ്ങിയ ജബാലിയയിൽനിന്ന് 50 മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെടുത്തിരുന്നു. ഇതോടെ ഇവിടെനിന്ന് ലഭിച്ച മൃതദേഹങ്ങളുടെ എണ്ണം 120 ആയി. ഗസ്സയിൽ പട്ടിണി മരണം വ്യാപകമായതായും റിപ്പോർട്ടുകൾ പറയുന്നു. വടക്കൻ ഗസ്സയിൽ ദിവസങ്ങൾക്കിടെ മാത്രം 30 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. റഫ അതിർത്തി അടച്ച് ഗസ്സയിലേക്ക് സഹായട്രക്കുകൾ മുടക്കുക കൂടി ചെയ്തതാണ് സ്ഥിതി വഷളാക്കുന്നത്. 3,000ത്തിലേറെ കുട്ടികൾ കടുത്ത പട്ടിണിയെ തുടർന്നുള്ള രോഗങ്ങളുമായി ആശുപത്രിയിൽ മല്ലിടുകയാണെന്നും ഇവരുടെ ചികിത്സ പ്രയാസത്തിലാണെന്നും ഫലസ്തീൻ യുനിസെഫ് പ്രതിനിധി ജൊനാഥൻ ക്രിക്സ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.