ഫത്ഹ് നേതാവ് ഖലീൽ അൽ മഖ്ദയെ ഇസ്രാേയൽ കൊലപ്പെടുത്തി; ജൂലാൻ കുന്നുകളിൽ ഹിസ്ബുല്ല ആക്രമണം
text_fieldsവെസ്റ്റ്ബാങ്ക്: ലബനാനിലെ സിദോനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഫലസ്തീനിലെ ഫത്ഹ് പാർട്ടി നേതാവ് ഖലീൽ ഹുസൈൻ ഖലീൽ അൽ മഖ്ദ കൊല്ലപ്പെട്ടു. ഒമ്പത് മാസം പിന്നിട്ട യുദ്ധത്തിനിടെ ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള പ്രസ്ഥാനമായ ഫത്ഹിലെ മുതിർന്ന അംഗത്തിന് നേരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ ആക്രമണമാണിത്. യുദ്ധം ആളിക്കത്തിക്കാനാണ് ഇസ്രായലിന്റെ ശ്രമമെന്ന് ഫത്ഹ് പാർട്ടി ആരോപിച്ചു.
തെക്കൻ ലെബനൻ നഗരമായ സിദോനിൽ ഖലീൽ മഖ്ദ സഞ്ചരിച്ച കാറിന് നേരെ നടത്തിയ മിസൈൽ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് ഫത്ഹും ലബനാൻ സുരക്ഷാ വൃത്തങ്ങളും അറിയിച്ചു. ഫത്ഹിന്റെ സായുധ വിഭാഗമായ അൽ-അഖ്സ രക്തസാക്ഷി ബ്രിഗേഡിന്റെ ലബനീസ് തലവൻ മുനീർ മഖ്ദയുടെ സഹോദരനാണ് ഖലീൽ. അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേലിന് നേരെ പ്രത്യാക്രമണം നടത്തുന്നത് മഖ്ദ സഹോദരൻമാരാണെന്നാരോപിച്ചാണ് കൊലപാതകം.
സയണിസ്റ്റുകളുടെ ഭീരുത്വ ആക്രമണത്തിലാണ് മഖ്ദ കൊല്ലപ്പെട്ടതെന്ന് ഫത്ഹ് പ്രസ്താവനയിൽ പറഞ്ഞു. പ്രസ്ഥാനത്തിന്റെ സായുധ വിഭാഗമായ അൽ-അഖ്സ രക്തസാക്ഷി ബ്രിഗേഡിൻ്റെ നേതാക്കളിൽ ഒരാളാണ് മഖ്ദയെന്നും ഫലസ്തീൻ ജനതയുടെ ചെറുത്തുനിൽപ്പിനെ പിന്തുണക്കുന്നതിൽ അദ്ദേഹത്തിന് പ്രധാന പങ്കുണ്ടെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. ‘മേഖലയിൽ ഇസ്രായേൽ സമ്പൂർണ്ണ യുദ്ധം നടത്താൻ ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവാണ് ഫത്ഹ് നേതാവിന്റെ കൊലപാതകം’ -പാർട്ടി സെൻട്രൽ കമ്മിറ്റി അംഗം തൗഫീഖ് റാമല്ലയിൽ എ.എഫ്.പിയോട് പറഞ്ഞു.
അതേസമയം, ഇസ്രായേൽ നിയന്ത്രണത്തിലുള്ള ജൂലാൻ കുന്നുകളിൽ ഹിസ്ബുല്ലയുടെ നേതൃത്വത്തിൽ വൻ ആക്രമണം നടത്തി. 50ലേറെ റോക്കറ്റുകൾ തൊടുത്തു. ചിലത് കെട്ടിടങ്ങൾക്ക് മേൽ പതിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ചൊവ്വാഴ്ച ലബനാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് തിരിച്ചടിയാണിതെന്ന് ഹിസ്ബുല്ല വൃത്തങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.