ലബനാനിലെ ഇസ്രായേൽ ആക്രമണം വേദനിപ്പിക്കുന്നുവെന്ന് ഹമാസ് ബന്ദിയാക്കിയയാളുടെ പിതാവ്
text_fieldsവാഷിങ്ടൺ: ഇസ്രായേലിന്റെ ലബനാൻ ആക്രമണം വേദനിക്കുന്നവരെ വീണ്ടും വേദനിപ്പിക്കുന്നതിന് തുല്യമാണെന്ന് ഹമാസ് തടവിലാക്കിയയാളുടെ പിതാവ്. ഹമാസ് തടവിലാക്കിയ ഏദൻ അലക്സാണ്ടറിന്റെ പിതാവ് അഡി അലക്സാണ്ടറാണ് കഴിഞ്ഞ ദിവസം ഇക്കാര്യം പറഞ്ഞത്. ലബനാനിൽ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രായേൽ ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ലെങ്കിലും ഐ.ഡി.എഫും ചാരസംഘടനയുമായ മൊസാദുമാണ് ഇതിന് പിന്നിലെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
ഇക്കാര്യൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി പ്രസിഡന്റ് ജോ ബൈഡൻ ചർച്ച നടത്തണമെന്നും അഡി അലക്സാണ്ടർ പറഞ്ഞു. ഗോൾ പോസ്റ്റുകൾ നിരന്തരമായി മാറ്റുകയാണ് നെതന്യാഹു. ഇത് നിർത്തണമെന്ന് യു.എസ് ആവശ്യപ്പെടണം. എത്രയും പെട്ടെന്ന് തന്നെ ഇത്തരമൊരു ചർച്ച നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു വർഷമായിട്ടും ബന്ദികളെ തിരിച്ചെത്തിക്കാൻ സാധിക്കാത്തതിൽ ഇവരുടെ കുടുംബാംഗങ്ങൾക്ക് കടുത്ത പ്രതിഷേധമുണ്ട്. ഇസ്രായേലിൽ ബന്ദികളുടെ കുടുംബാംഗങ്ങൾ പരസ്യമായി നിരവധി തവണ പ്രതിഷേധിച്ചിരുന്നു. നേരത്തെ ഹമാസ് തടവിലുള്ള യു.എസ് പൗരൻമാരുടെ കാര്യത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബന്ദികളുടെ കുടുംബാംഗങ്ങൾ സുരക്ഷാഉപദേഷ്ടാവ് ജാക്ക് സള്ളിവനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എങ്കിലും ബന്ദികളെ തിരിച്ചെത്തിക്കുന്നതിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.
നേരത്തെ ലബനാന്റെ തലസ്ഥാനമായ ബൈറൂതിന് തൊട്ടടുത്ത ജനവാസ കേന്ദ്രമായ ദാഹിയയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ലയുടെ മുതിർന്ന കമാൻഡർ ഇബ്രാഹീം ആഖിൽ അടക്കം 12 പേർ കൊല്ലപ്പെട്ടിരുന്നു. 66ലേറെ പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ കുട്ടികളും ഉണ്ടെന്ന് ലബനാന്റെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ രണ്ട് കെട്ടിടങ്ങൾ പൂർണമായി തകർന്നു.
റദ്‍വാൻ സേന യൂനിറ്റിന്റെ യോഗത്തിനിടെയാണ് ആക്രമണം നടന്നതെന്നും നിരവധി ഹിസ്ബുല്ല കമാൻഡർമാർ കൊല്ലപ്പെട്ടതായും ഇസ്രായേൽ സൈനിക വക്താവ് അവിഷായ് ആൻഡ്രി പറഞ്ഞു. എന്നാൽ, സംഭവത്തെക്കുറിച്ച് ഹിസ്ബുല്ല ഇതുവരെ പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.