അറസ്റ്റ് ഒഴിവാക്കാൻ കോടതിയിലേക്ക് ഓടിക്കയറി ഫവാദ് ചൗധരി
text_fieldsഇസ്ലാമാബാദ്: അറസ്റ്റ് ഒഴിവാക്കാൻ കോടതിയിലേക്ക് ഓടിക്കയറി പാകിസ്താൻ തഹ് രീകെ ഇൻസാഫ് പാർട്ടി നേതാവ് ഫവാദ് ചൗധരി. ഒരു കേസിൽ ജാമ്യം ലഭിച്ച് കോടതിയിൽ നിന്ന് മടങ്ങാൻ തന്‍റെ കാറിൽ കയറിയ ചൗധരി പൊലീസിനെ കണ്ട ഉടൻ ഡോർ തുറന്ന് കോടതിയിലേക്ക് തന്നെ ഓടിക്കയറുകയായിരുന്നു.
സമാധാനം തകർക്കാൻ തീവെപ്പിനും അക്രമാസക്തമായ പ്രതിഷേധങ്ങൾക്കും പ്രേരിപ്പിച്ചു എന്ന കുറ്റം ചുമത്തി മറ്റ് പി.ടി.ഐ നേതാക്കൾക്കൊപ്പം ഫവാദ് ചൗധരിയെ കഴിഞ്ഞ ആഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ അദ്ദേഹത്തെ വിട്ടയക്കാൻ ഇസ്ലാമാബാദ് ഹൈക്കോടതി ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് കോടതി വളപ്പിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
ജാമ്യം ലഭിച്ച ചൗധരി കോടതിയിൽ നിന്ന് ഇറങ്ങി തന്റെ എസ്.യു.വിയിൽ കയറി ഇരുന്നു. എന്നാൽ മറ്റൊരു കേസിൽ തന്നെ അറസ്റ്റ് ചെയ്യാൻ പൊലീസ് പുറത്തു കാത്തുനിൽക്കുന്നത് കണ്ട അദ്ദേഹം അതിവേഗം കാറിന്‍റെ ഡോർ തുറന്ന് കോടതിക്ക് അകത്തേക്ക് തന്നെ പാഞ്ഞുകയറുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
അഭിഭാഷകരുടെ വലയത്തിൽ ചൗധരി പുറത്തു വരുന്ന ദൃശ്യങ്ങളും പിന്നീട് പാർട്ടി പുറത്തുവിട്ടു. ചൗധരി തട്ടിക്കൊണ്ടു പോവാനായിരുന്നു പൊലീസ് ശ്രമമെന്നും പാർട്ടി ട്വീറ്റ് ചെയ്തു. നേരത്തെ പാർട്ടി അധ്യക്ഷൻ ഇംറാൻ ഖാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പാകിസ്താനിൽ വ്യാപക പ്രതിഷധം അരങ്ങേറുകയും സംഘർഷത്തിൽ നിരവധി പേർ മരിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.