ഫേസ്ബുക്ക് വിഡിയോ തുണയായി; 70 വർഷത്തിനു ശേഷം അബ്ദുൽ ഖുദ്ദൂസ് മാതാവിനെ കണ്ടു
text_fieldsധാക്ക: പ്രായം 80കളിൽ നിൽക്കുന്ന അബ്ദുൽ ഖുദ്ദൂസ് മുൻസി പതിറ്റാണ്ടുകളായി കാത്തിരിപ്പിലായിരുന്നു തന്നെ നൊന്തുപെറ്റ മാതാവിനെ ഒരു നോക്കു കാണാൻ. പ്രതീക്ഷകളുടെ അവസാന തുരുമ്പും അവസാനിച്ചെന്നുറപ്പിച്ച സമയത്ത് സമൂഹമാധ്യമം അയാൾക്ക് തുണയായി. നീണ്ട ഇടവേളക്കു ശേഷം 82ാം വയസ്സിൽ അയാൾ മാതാവിൻെറ ചാരത്തെത്തി, മതിവരുവോളം കണ്ടു.
10ാം വയസ്സിൽ ബന്ധുവിനൊപ്പം താമസിക്കാൻ വിട്ടതായിരുന്നു അബ്ദുൽ ഖുദ്ദൂസിനെ. ആ വീട്ടിൽനിന്ന് വൈകാതെ ഓടിപ്പോന്ന ബാലന് പിന്നീട് കുടുംബവുമായി ബന്ധംവിട്ടു. സഹോദരിമാരായ രണ്ടുപേരായിരുന്നു പിന്നീട് ദത്തെടുത്തത്. മുതിർന്ന് വലിയ വ്യക്തിയാകുകയും കുട്ടികളുടെ പിതാവാകുകയും ചെയ്തിട്ടും കുടുംബവുമായി ചേരാൻ അബ്ദുൽ ഖുദ്ദൂസിനായില്ല. എന്നാൽ, അടുത്തിടെ ഒരു വ്യവസായി 82കാരൻെറ ഫോട്ടോ വെച്ച് മാതാപിതാക്കളെ കണ്ടെത്താൻ സഹായം തേടി വിഡിയോ ഫേസ്ബുക്കിലിടുകയായിരുന്നു.
ഗ്രാമത്തിൻെറയും മാതാപിതാക്കളുടെയും പേരുകൾ ശ്രദ്ധിച്ചവർ വൈകാതെ എല്ലാം കണ്ടെത്തി. കഴിഞ്ഞ ദിവസം മാതാവിനെയും സഹോദരിയെയും നിറകണ്ണുകളോടെ അയാൾ കണ്ടു. മുഖാമുഖം നിന്ന് ഇരുകൈകളും ചേർത്തുപിടിച്ച് മാതാവും മകനും ഏറെ നേരം കരഞ്ഞു, സന്തോഷം കണ്ണീരായി പെയ്തു. നൂറുകണക്കിന് നാട്ടുകാരും സാക്ഷികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.