ട്രംപിനെതിരെ നടന്നത് വധശ്രമം തന്നെയെന്ന് എഫ്.ബി.ഐ; അക്രമി ഉൾപ്പടെ രണ്ട് പേർ കൊല്ലപ്പെട്ടു
text_fieldsവാഷിങ്ടൺ: മുൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നേരെ നടന്നത് വധശ്രമം തന്നെയാണെന്ന് എഫ്.ബി.ഐ. ട്രംപിന് നേരെയുണ്ടായ അക്രമത്തെ വധശ്രമമെന്നാണ് തങ്ങൾ വിളിക്കുന്നതെന്ന് എഫ്.ബി.ഐ ഉദ്യോഗസ്ഥൻ കെവിൻ റോജേക്ക് അറിയിച്ചു. വെടിവെച്ചയാളെയും അതിന് പിന്നിലുള്ള കാരണവും കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ട്രംപിനെ വെടിവെച്ച അക്രമിയും മറ്റൊരാളും സംഭവത്തിൽ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഒരാൾക്ക് വെടിവെപ്പിൽ പരിക്കേൽക്കുകയും ചെയ്തു. വെടിവെപ്പിന് പിന്നാലെ പ്രതികരണവുമായി ഡോണൾഡ് ട്രംപ് രംഗത്തെത്തി. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു പ്രതികരണം.
യു.എസിലെ രഹസ്യാന്വേഷണ, നിയമപരിപാലന വിഭാഗങ്ങൾക്ക് നന്ദിയറിയിക്കുകയാണ്. വെടിവെപ്പ് ഉണ്ടായ ഉടൻ അവർ കാര്യക്ഷമമായി പ്രശ്നത്തിൽ ഇടപ്പെട്ടു. വെടിവെപ്പിൽ കൊല്ലപ്പെട്ട റാലിയിൽ പങ്കെടുക്കാനെത്തിയ ആളുടെ കുടുംബത്തെ അനുശോചനം അറിയിക്കുകയാണ്. വെടിവെപ്പിനിടെ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റയാൾ എത്രയും പെട്ടെന്ന് സുഖംപ്രാപിക്കാൻ പ്രാർഥിക്കുന്നു. വെടിവെപ്പ് നടത്തിയാളെ കുറിച്ച് ഇപ്പോൾ വിവരങ്ങളൊന്നും ലഭ്യമല്ല. തന്റെ വലത് ചെവിയുടെ മുകളിലായാണ് വെടിയേറ്റതെന്നും ട്രംപ് പറഞ്ഞു.
ശനിയാഴ്ച പെൻസിൽവാനിയയിൽ നടന്ന റാലിക്കിടെയാണ് ട്രംപിന് നേരെ വധശ്രമമുണ്ടായത്. അക്രമി നിരവധി തവണ വെടിവെച്ചുവെന്നാണ് റിപ്പോർട്ട്. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി ട്രംപിനെ സംഭവസ്ഥലത്ത് നിന്നും മാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.