ട്രംപിനെതിരായ വധശ്രമം ‘ആഭ്യന്തര തീവ്രവാദം’ -എഫ്.ബി.ഐ
text_fieldsവാഷിങ്ടൺ: യു.എസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരായ വധശ്രമം ‘ആഭ്യന്തര തീവ്രവാദം’ ആയി കണക്കാക്കിയാണ് അന്വേഷിക്കുന്നതെന്ന് എഫ്.ബി.ഐ. 20കാരനായ അക്രമി ഒറ്റക്കാണ് പ്രവർത്തിച്ചതെന്നും ഇയാൾക്കുപിന്നിൽ മറ്റാരുമില്ലെന്നും എഫ്.ബി.ഐ വ്യക്തമാക്കി. ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യമെന്തെന്ന് എഫ്.ബി.ഐക്ക് ഇതുവരെ തിരിച്ചറിയാനായിട്ടില്ല.
നഴ്സിങ് ഹോമിൽ സഹായിയായി പ്രവർത്തിക്കുകയായിരുന്നത്രെ ആക്രമണം നടത്തിയ തോമസ് മാത്യു ക്രൂക്ക്സ്. 20കാരനായ ഇയാൾ എട്ട് തവണ വെടിയുതിർത്തു. അടുത്ത നിമിഷം തന്നെ ഇയാളെ സീക്രട്ട് സർവീസിന്റെ സ്നൈപർമാർ വെടിവെച്ച് കൊലപ്പെടുത്തുകയും ചെയ്തു. സംഭവം നടന്ന സ്ഥലത്തുനിന്ന് ഒരു മണിക്കൂർ ദൂരം മാത്രമാണ് ക്രൂക്ക്സിന്റെ വീട്ടിലേക്കുള്ള ദൂരം.
പെൻസൽവേനിയയിലെ ബട്ലറിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയായിരുന്നു സംഭവം. 150 മീറ്റർ അകലെയുള്ള കെട്ടിടത്തിന് മുകളിൽനിന്നാണ് ആക്രമി ട്രംപിനുനേരെ വെടിയുതിർത്തത്. വലതുചെവിയുടെ മുകൾഭാഗം മുറിച്ച് വെടിയുണ്ട കടന്നുപോയി. ട്രംപിന്റെ പ്രസംഗം കേൾക്കാനെത്തിയ ഒരാളും ആക്രമിയുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു. മറ്റ് രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. ചോരയൊലിക്കുന്ന മുഖവുമായി അണികളെ അഭിവാദ്യം ചെയ്താണ് ട്രംപ് വേദി വിട്ടത്.
അമേരിക്കയുടെ മുൻ പ്രസിഡന്റുമാരുടെയും നിലവിലെ പ്രസിഡന്റിന്റെയും സംരക്ഷണ ചുമതലയുള്ള സീക്രട്ട് സർവിസ് സംഭവത്തിൽ വിശദീകരണം നൽകേണ്ടി വരും. സീക്രട്ട് സർവിസ് മേധാവി കിംബെർലി ചീറ്റലിനോട് യു.എസ് കോൺഗ്രസിന്റെ ഓവർസൈറ്റ് കമ്മിറ്റി മുമ്പാകെ ജൂലൈ 22ന് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.
1981 മാർച്ച് 30ന് അന്നത്തെ അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗനുനേരെ വധശ്രമമുണ്ടായശേഷം ഇത്തരത്തിലൊരു സംഭവം ആദ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.