മാസ്ക്കില്ലാതെ ജനങ്ങളെ അഭിവാദ്യം ചെയ്ത് ട്രംപ്; തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് വീണ്ടും തുടക്കം
text_fieldsവാഷിങ്ടൺ: കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിന്ന യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിൽ സജീവമാകുന്നു. കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിൽ പാർട്ടി പ്രവർത്തകരെ അഭിവാദ്യം ചെയ്തായിരുന്നു ട്രംപിെൻറ രണ്ടാം വരവ്. ഒമ്പത് ദിവസങ്ങൾക്ക് ശേഷമാണ് ട്രംപ് വീണ്ടും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി എത്തുന്നത്.
എനിക്കിപ്പോൾ എല്ലാം മികച്ചതായി തോന്നുന്നു. നിങ്ങൾ എനിക്കായി വോട്ട് ചെയ്യണം. നിങ്ങളെ എല്ലാവരെയും ഞാൻ സ്നേഹിക്കുന്നു- വൈറ്റ് ഹൗസിന് മുന്നിൽ തടിച്ചുകൂടിയ നൂറുകണക്കിന് ആളുകളോട് ട്രംപ് പറഞ്ഞു. 20 മിനിട്ട് നേരമാണ് വൈറ്റ് ഹൗസ് ബാൽക്കണിയിൽ ട്രംപ് ചെലവഴിച്ചത്. മാസ്കില്ലാതെയാണ് ഇത്തവണയും ജനങ്ങളോട് ട്രംപ് സംവദിച്ചത്. അതേസമയം, വൈറ്റ് ഹൗസിലെത്തിയ റിപബ്ലിക് പാർട്ടി അംഗങ്ങളെല്ലാവരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്തിരുന്നു.
ട്രംപിൽ നിന്നും കോവിഡ് വൈറസ് ഇനി മറ്റൊരാൾക്ക് പകരാൻ സാധ്യതയില്ലെന്നാണ് വൈറ്റ് ഹൗസ് ഡോക്ടർമാരുടെ അഭിപ്രായം. എന്നാൽ, അദ്ദേഹം കോവിഡിൽ നിന്നും പൂർണ്ണ രോഗമുക്തി നേടിയോയെന്ന് വ്യക്തമാക്കാൻ അവർ ഇനിയും തയാറായിട്ടില്ല. ട്രംപ് കോവിഡ് മുക്തനാവുന്നത് വരെ സംവാദങ്ങൾക്കില്ലെന്ന് ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.