ഫിലിപ്പീൻസിൽ മുൻ ഏകാധിപതി മാർകോസിന്റെ മകൻ അധികാരമേറ്റു
text_fieldsമനില: മുൻ ഏകാധിപതി മാർകോസിന്റെ മകൻ ഫെർഡിനന്റ് മാർകോസ് ജൂനിയർ ഫിലിപ്പീൻസ് ഭരണത്തലപ്പത്ത്. ജനകീയ പ്രക്ഷോഭത്തിൽ പുറത്താക്കപ്പെട്ട് 36 വർഷത്തിനുശേഷമാണ് പിതാവിന്റെ പാത പിന്തുടരുമെന്ന വാഗ്ദാനവുമായി മാർകോസ് ജൂനിയർ പ്രസിഡന്റ് പദമേറുന്നത്.
കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ ജയിച്ചിരുന്നു. മയക്കുമരുന്ന് മാഫിയക്കെതിരെ മുഖംനോക്കാത്ത നടപടികളുമായി വിമർശനവും പ്രശംസയും ഏറെ വാങ്ങിയ റോഡ്രിഗോ ദുതേർദെയുടെ പിൻഗാമിയായാണ് രാജ്യത്തെ ഏറ്റവും പ്രശസ്തമായ ഭരണകുടുംബത്തിൽനിന്ന് ഒരാൾകൂടി അധികാരത്തിലെത്തുന്നത്.
മനിലയിലെ നാഷനൽ മ്യൂസിയത്തിലെ പൊതുചടങ്ങിലായിരുന്നു അധികാരാരോഹണം. മറ്റൊരു ഭരണാധികാരിയും നിർമിക്കാത്തത്ര റോഡുകളും ഉൽപാദിപ്പിക്കാത്തത്ര അരിയുമായി ജനമനസ്സുകളിൽ നിറഞ്ഞുനിന്ന പിതാവിന്റെ വഴിയിലായിരിക്കും താനുമെന്നും മാർകോസ് ജൂനിയർ തന്റെ കന്നിപ്രസംഗത്തിൽ പറഞ്ഞു.
മാർകോസ് ജൂനിയർ അധികാരമേൽക്കുന്നത് തടയാൻ നൽകിയ അവസാന ഹരജിയും കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു. ഇതോടെയാണ് പഴയ ഏകാധിപതിയുടെ കുടുംബത്തിന് അധികാരത്തിലേക്ക് വീണ്ടും വഴിതുറന്നത്. ദുതേർദെയുടെ മകൾ സാറയാകും വൈസ് പ്രസിഡന്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.