വന്ധ്യതാ ആശുപത്രിയിൽ തട്ടിപ്പ്; ഡോക്ടർ അച്ഛനായത് 17 തവണ
text_fieldsഹേഗ്: നെതർലൻഡ്സിലെ വന്ധ്യതാ ആശുപത്രിയിൽ നടന്ന തട്ടിപ്പിെൻറ ചുരുളഴിയുന്നു. ചികിത്സക്കെത്തിയ ദമ്പതികൾ സ്വീകരിച്ചത് ആശുപത്രിയിലെ ഡോക്ടറുടെ ബീജം. അജ്ഞാത ദാതാക്കളിൽ നിന്ന് ലഭിക്കുന്നുവെന്ന് കരുതിയാണ് ഇവരെല്ലാം കൃത്രിമ ബീജധാരണം നടത്തിയത്. മരിച്ച ഗൈനക്കോളജിസ്റ്റിന് ഇപ്രകാരം 17 കുട്ടികളെങ്കിലും ജനിച്ചുവെന്ന് ഡച്ച് ആശുപത്രി ചൊവ്വാഴ്ച അറിയിച്ചു.
കിഴക്കൻ ഡച്ച് നഗരമായ സ്വൊല്ലെയിലെ ഇസാല വന്ധ്യതാ ആശുപത്രിയിലാണ് സംഭവം. 1981 മുതൽ 1993 വരെ ഇവിടെ ജോലിചെയ്തിരുന്ന ജാൻ വൈൽഡ്‌ഷട്ട് എന്ന ഡോക്ടറാണ് തട്ടിപ്പിന് പിന്നിൽ. ഡോക്ടർ ഇപ്പോൾ ജീവിച്ചിരിപ്പില്ല. 2009 ൽ അദ്ദേഹം ഹൃദയസംബന്ധമായ അസുഖത്തെതുടർന്ന് മരിച്ചു. 'നിയമപരമായ കുട്ടികൾക്ക് പുറമെ മുൻ ഗൈനക്കോളജിസ്റ്റിന് മൊത്തം 17 കുട്ടികൾകൂടിയുണ്ടെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്'- ആശുപത്രി അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഡോ: വൈൽഡ്ഷട്ടിെൻറ നടപടികൾ ധാർമികമായി അംഗീകരിക്കാനാവില്ലെന്നും അവർ പറഞ്ഞു.
ഇയാൾ കൂടുതൽപേർക്ക് ബീജം നൽകിയിട്ടുണ്ടൊ എന്നും ഡച്ച് അധികൃതർ അന്വേഷിക്കുന്നുണ്ട്. ആശുപത്രിയിൽ നിന്ന് ജനിച്ച കുട്ടികളിലൊരാൾ നടത്തിയ ഡി.എൻ.എ മാപ്പിങ്ങാണ് തട്ടിപ്പിെൻറ ചുരുളഴിച്ചത്. മാപ്പിങ്ങിൽ ഡോക്ടർ വൈൽഡ്ഷട്ടിെൻറ മരുമകളുമായി ഡിഎൻഎ പൊരുത്തം കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തെൻറ മാതാവിന് ബീജം ലഭിച്ചത് ഡോക്ടറിൽ നിന്നാണെന്ന് കുട്ടി കണ്ടെത്തിയത്. ഡച്ച് നിയമം അനുസരിച്ച് 16 വയസുമുതൽ ഇത്തരം കുട്ടികൾക്ക് തങ്ങളുടെ ദാതാവിെൻറ ഐഡൻറിറ്റി കണ്ടെത്താൻ അവകാശമുണ്ട്.
സംഭവത്തിൽ ഡച്ച് ഹെൽത്ത് ആൻഡ് യൂത്ത് ഇൻസ്പെക്ടറേറ്റ് അന്വേഷണം നടത്താൻ വിസമ്മതിച്ചു. ഫെർട്ടിലിറ്റി ചികിത്സകളെക്കുറിച്ച് നിയമങ്ങളോ ചട്ടങ്ങളോ ഇല്ലാതിരുന്ന സമയത്താണ് സംഭവം നടന്നതെന്നാണ് അവരുടെ വാദം. 2004 ൽ ഇതുസംബന്ധിച്ച് പാസാക്കിയ നിയമത്തിൽ ഒരാൾക്ക് 25 പേർക്ക് ബീജം ദാനം ചെയ്യാമെന്നും പറയുന്നുണ്ട്. ഇതിനുമുമ്പും നെതർലൻഡ്സിൽ ഇത്തരം വിവാദം ഉണ്ടായിരുന്നു. റോട്ടർഡാമിലെ വന്ധ്യത ക്ലിനികിലെ ഡച്ച് ഡോക്ടർ 49 പേർക്ക് ബീജം നൽകി കുട്ടികളെ ജനിപ്പിച്ചുവെന്ന് കഴിഞ്ഞ വർഷം തെളിഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.