ഏറ്റുമുട്ടൽ തുടരുന്നു; 550 അർമീനിയൻ സൈനികർ കൊല്ലപ്പെട്ടതായി അസർബൈജാൻ
text_fieldsയെരവാൻ: അർമീനിയയും അസർബൈജാനും തമ്മിലെ സംഘർഷം തുറന്ന യുദ്ധത്തിലേക്ക്. ഞായറാഴ്ച ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ചയും തുടർന്നതോടെ ഇരു ഭാഗത്തുമായി വൻ ആൾനാശമുണ്ടായി. 550ലധികം അർമീനിയൻ സൈനികർ കൊല്ലപ്പെട്ടതായി അസർബൈജാൻ പ്രതിരോധ മന്ത്രാലയം വാർത്ത ഏജൻസിയെ അറിയിച്ചു. ഇൗ വിവരം നിഷേധിച്ച അർമീനിയൻ പ്രതിരോധ മന്ത്രാലയം 200ലേെറ പേർക്ക് പരിക്കേറ്റതായി വ്യക്തമാക്കി. നഗോർണോ-കരോബാക് പ്രദേശത്തെ നിയന്ത്രിക്കുന്ന 31 സൈനികർ കൊല്ലപ്പെട്ടതായി പ്രദേശത്തെ സ്വതന്ത്ര ഭരണകൂടം അറിയിച്ചു. ആറു സിവിലിയന്മാർ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അസർബൈജാൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
അർമീനിയൻ സൈന്യം തർതാർ പട്ടണത്തിലേക്ക് ഷെല്ലാക്രമണം നടത്തിയതാണ് തിങ്കളാഴ്ചത്തെ സംഘർഷത്തിന് കാരണമെന്ന് അസർബൈജാൻ ആരോപിച്ചു. ഞായറാഴ്ച രാത്രി മുഴുവൻ അസർബൈജാൻ ആക്രമണം തുടർന്നതായും തിങ്കളാഴ്ച രാവിലെ രൂക്ഷമാക്കുകയായിരുന്നുവെന്നും അർമീനിയൻ ഉദ്യോഗസ്ഥരും വ്യക്തമാക്കി. തുർക്കി സിറിയയിൽനിന്ന് 4000 സൈനികരെ അസർബൈജാെൻറ സഹായത്തിനായി എത്തിച്ചതായി അർമീനിയ ആരോപിച്ചു. അസർബൈജാൻ അധികൃതർ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. ഏറ്റുമുട്ടൽ രൂക്ഷമായതോടെ െഎക്യരാഷ്ട്രസഭയും അമേരിക്ക, റഷ്യ, തുർക്കി, ഇറാൻ തുടങ്ങിയ രാജ്യങ്ങളും സമാധാനശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
നഗോർണോ-കരോബാക് പ്രദേശമാണ് ഇരു രാജ്യങ്ങളും തമ്മിലെ സംഘർഷങ്ങൾക്ക് പ്രധാന കാരണം.
സോവിയറ്റ് ശിഥിലീകരണത്തിന് തുടക്കംകുറിച്ച 1988 മുതൽ സംഘർഷം ആരംഭിക്കുകയും അർമീനിയയും അസർബൈജാനും സ്വതന്ത്ര റിപ്പബ്ലിക്കുകളായതോടെ യുദ്ധത്തിലേക്ക് എത്തുകയും ചെയ്തു. 1994ൽ വെടിനിർത്തൽ കരാറുണ്ടാക്കിയെങ്കിലും ഇടക്കിടെ ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷമുണ്ടായിരുന്നു. 4400 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള നഗോർണോ-കരോബാക് അസർബൈജാന് ഉള്ളിലാണ് നിലകൊള്ളുന്നതെങ്കിലും അർമീനിയൻ വംശജർക്കാണ് ഭൂരിപക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.