ഇസ്രായേലി പോർവിമാനങ്ങൾ നേർക്കുനേർ, കൂട്ടിയിടിയിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്; അന്വേഷണം പ്രഖ്യാപിച്ച് ഐ.ഡി.എഫ്
text_fieldsതെൽഅവീവ്: ലബനാനിൽ മനുഷ്യക്കുരുതി നടത്താൻ പുറപ്പെടാനൊരുങ്ങിയ ഇസ്രായേലി യുദ്ധവിമാനം മറ്റൊരു യുദ്ധവിമാനവുമായുള്ള കൂട്ടിയിടിയിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ശനിയാഴ്ച രാത്രി റാമത് ഡേവിഡ് എയർബേസിലെ റൺവേയിലാണ് സംഭവം. യുദ്ധവിമാനത്തിന്റെ കോക്പിറ്റിൽനിന്നുള്ള സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. വൻ അപകടത്തിന് ഇടയാക്കിയേക്കാവുന്ന സുരക്ഷാ വീഴ്ച എങ്ങനെ സംഭവിച്ചു എന്ന കാര്യത്തിൽ ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (ഐ.ഡി.എഫ്) അന്വേഷണം പ്രഖ്യാപിച്ചു.
ലബനനിൽ വ്യോമാക്രമണം നടത്താനുള്ള ഇസ്രായേലി എയർഫോഴ്സിന്റെ എഫ് -16 ഫൈറ്റർ ജെറ്റ് റാമത് ഡേവിഡ് എയർബേസിൽ നിന്ന് പറന്നുയരുന്നതിനിടെ, മറ്റൊരു യുദ്ധവിമാനം മുന്നറിയിപ്പില്ലാതെ റൺവേ മുറിച്ചുകടക്കുകയായിരുന്നു. തമ്മിൽ കൂട്ടിയിടിക്കാൻ സെക്കൻഡുകൾ മാത്രം ശേഷിക്കേ, അപകടം തിരിച്ചറിഞ്ഞ പൈലറ്റ് ദിശമാറ്റി രക്ഷപ്പെടുകയായിരുന്നുവെന്ന് ഐ.ഡി.എഫ് കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, വിമാനം റൺവേയിലൂടെ പറന്നുയരാൻ ശ്രമിക്കവെ മറ്റൊരു വിമാനം റൺവേ മുറിച്ചുകടക്കാനെത്തുന്നത് മാത്രമാണ് ദൃശ്യങ്ങളിലുള്ളത്. ഇതിന് ശേഷമുള്ള ദൃശ്യങ്ങൾ ലഭ്യമല്ല. വിമാന ജീവനക്കാർ അതിവേഗം പ്രഫഷനലായി പ്രതികരിച്ചതിനാൽ ഗുരുതര സുരക്ഷാവീഴ്ച ഒഴിവായതായും സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കുമെന്നും ഐ.ഡി.എഫ് പ്രതികരിച്ചു.
മറ്റൊരു വിമാനം റൺവേയിലുണ്ടായിരിക്കേ പറന്നുയരാൻ കൺട്രോൾ ടവർ തെറ്റായി അനുമതി നൽകിയതാണ് സംഭവത്തിന് കാരണമായതെന്നും ഐ.ഡി.എഫ് ചൂണ്ടിക്കാട്ടി. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ തെക്കൻ ഗസ്സയിലെ റഫയിൽ ഹെലികോപ്റ്റർ തകർന്ന് രണ്ട് സൈനികർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.