ഇസ്രായേൽ നിയമം അനുസരിക്കുന്നവരല്ല, അന്തിമ വിജയം ഞങ്ങളോടൊപ്പം -ഹിസ്ബുല്ല നേതാവ് നഈം ഖാസിം
text_fieldsബൈറൂത്ത്: ഇസ്രായേലുമായുള്ള യുദ്ധത്തിൽ അന്തിമ വിജയം തങ്ങൾക്കായിരിക്കുമെന്ന് ഹിസ്ബുല്ലയുടെ പുതിയ സെക്രട്ടറി ജനറൽ നഈം ഖാസിം. ചൊവ്വാഴ്ച പദവിയേറ്റെടുത്ത അദ്ദേഹം ഇന്ന് നടത്തിയ പ്രഥമ പ്രസംഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. ലബനാൻ, ഹിസ്ബുല്ല പതാകകളുടെയും ഹസൻ നസ്‌റല്ലുയുടെ ചിത്രത്തിന്റെയും പശ്ചാത്തലത്തിലായിരുന്നു വിഡിയോ സന്ദേശം. നസ്റുല്ല തുടങ്ങി വെച്ച പ്രവർത്തനങ്ങൾ തന്റെ നേതൃത്വത്തിൽ ഹിസ്ബുല്ല തുടരുമെന്നും ഇസ്രായേലുമായുള്ള യുദ്ധത്തിൽ അതേ രാഷ്ട്രീയ പാത പിന്തുടരുമെന്നും ഖാസിം പ്രതിജ്ഞയെടുത്തു.
തനിക്ക് ഒരു സഹോദരനെപ്പോലെയായിരുന്നു മുൻ മേധാവി ഹസൻ നസ്‌റുല്ലയെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേൽ ആക്രമണത്തിൽ വീരമൃത്യു വരിച്ച ഹിസ്ബുല്ല നേതാവ് ഹാശിം സഫിയുദ്ദീനെയും ഹമാസ് തലവൻ യഹിയ സിൻവാറിനെയും പ്രസംഗത്തിൽ അനുസ്മരിച്ചു. ധീരതയുടെയും ഫലസ്തീൻ ചെറുത്തുനിൽപ്പിന്റെയും ലോകത്തെ സ്വതന്ത്രരായ ജനങ്ങളുടെയും പ്രതീകമാണ് സിൻവാറെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
‘ഗസ്സയെ സഹായിക്കുക എന്നത് ഞങ്ങളുടെ കടമയാണ്. ഇസ്രായേൽ ഭീഷണിയെ ഞങ്ങൾ പ്രതിരോധിക്കും. മുമ്പ് ഇസ്രായേൽ ലബനാനെ ആക്രമിച്ചപ്പോൾ അവരെ തുരത്തിയത് ഹിസ്ബുല്ലയും സൈന്യവും ലബനാൻ ജനതയും ചേർന്നാണ്. അല്ലാതെ അന്താരാഷ്ട്ര പ്രമേയങ്ങളല്ല. കരയിൽ നിന്നും കടലിൽ നിന്നും വായുവിൽ നിന്നുമായി 39,000 ആക്രമണങ്ങൾ ഇസ്രായേൽ നടത്തിയിട്ടുണ്ട്. അവർ നിയമങ്ങൾ അനുസരിക്കുന്നവരല്ല. പ്രതിരോധിക്കാൻ അവരാണ് ഞങ്ങളെ പ്രേരിപ്പിച്ചത്. ലബനാൻ മണ്ണിൽ കുടിയേറാൻ ഇസ്രായേൽ പദ്ധതിയിടുന്നുണ്ട്. എന്നാൽ, അവരെ പുറത്താക്കാൻ ഞങ്ങൾക്ക് കഴിയും. നമ്മുടെ മാതൃരാജ്യത്തെ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ പദ്ധതി. അല്ലാതെ, ഞങ്ങൾ ആരുടെയും പേരിലല്ല പോരാടുന്നത്. ഇറാൻ ഞങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. മറ്റേതെങ്കിലും അറബ്, ഇസ്‍ലാമിക രാജ്യങ്ങൾ ഇസ്രായേലിനെ നേരിടാൻ ഞങ്ങളെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഞങ്ങൾ അതിനെ സ്വാഗതം ചെയ്യും. ചെറുത്തുനിൽപ്പിനെതിരായ ആഗോള യുദ്ധമാണ് അവർ നടത്തുന്നത്. ലബനാനിലും ഗസ്സയിലും മാത്രമായി പരിമിതമല്ല. ഇത്തരമൊരു യുദ്ധത്തെയാണ് ഞങ്ങൾ അഭിമുഖീകരിക്കുന്നത്. അന്തിമ വിജയം ഞങ്ങൾക്കൊപ്പമാണ്’ -അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.