പാർട്ടിക്കിടെ മദ്യപിക്കുന്ന വിഡിയോ പുറത്തായി; മയക്കു മരുന്ന് പരിശോധന നടത്തിയതായി സ്ഥിരീകരിച്ച് ഫിൻലൻഡ് പ്രധാനമന്ത്രി
text_fieldsഹെൽസിങ്കി: സുഹൃത്തുക്കൾക്കൊപ്പം സ്വകാര്യമായി നടത്തിയ പാർട്ടിയുടെ വിഡിയോ ദൃശ്യങ്ങൾപുറത്തായതിനു പിന്നാലെ മയക്കുമരുന്ന് പരിശോധനക്ക് വിധേയയായെന്ന കാര്യം സ്ഥിരീകരിച്ച് ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മരീൻ. പാർട്ടിക്കിടെ 36കാരിയായ സന്ന മരീൻ മദ്യപിക്കുന്ന വിഡിയോ പുറത്തായിരുന്നു. തുടർന്ന് പ്രധാനമന്ത്രി മയക്കു മരുന്ന് പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുവരികയും ചെയ്തു. തുടർന്നാണ് സന്ന മരീൻ പരിശോധന നടത്തിയത്.
അതേസമയം താൻ നിരോധിത മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് അവർ വാർത്ത സമ്മേളനത്തിനിടെ ആവർത്തിച്ചു. സുഹൃത്തുക്കൾക്കൊപ്പം സന്ന മരീൻ പാട്ടു പാടി നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണ് വിഡിയോയിൽ ഉണ്ടായിരുന്നത്. ഭരണത്തിൽ ശ്രദ്ധിക്കുന്നതിനു പകരം പാർട്ടിക്കു പോകാനാണ് പ്രധാനമന്ത്രിക്ക് താൽപര്യമെന്ന് ഇതിനു മുമ്പും സന്നക്കെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. മയക്കു മരുന്ന് ഉപയോഗിച്ചതായി പ്രചരിക്കുന്ന റിപ്പോർട്ടുകൾ ഗൗരവമായി കാണുമെന്നും തന്റെ ഭാഗത്ത് തെറ്റില്ലെന്ന് ബോധ്യപ്പെടുത്താനാണ് മയക്കുമരുന്ന് പരിശോധനക്ക് വിധേയയായതെന്നും ഒരാഴ്ചക്കുള്ളിൽ ഫലം അറിയാൻ സാധിക്കുമെന്നും സന്ന മരീൻ മാധ്യമങ്ങളോട് വിശദീകരിച്ചു.
പാർട്ടിക്കിടെ മാത്രമാണ് മദ്യപിച്ചതെന്നും മറ്റൊരു സമയത്തും യാതൊരു ലഹരിവസ്തുക്കളും ഉപയോഗിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം അവർ വിശദീകരിച്ചിരുന്നു. വിഡിയോ എടുക്കുന്നുണ്ടെന്ന് തനിക്കറിയാമായിരുന്നുവെന്നും എന്നാൽ അത് പൊതുജനങ്ങൾക്കിടയിൽ പ്രചരിച്ചതിൽ ഖേദമുണ്ടെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞ വർഷം കോവിഡ് പോസിറ്റീവായ വ്യക്തിയുമായി സമ്പർക്കമുണ്ടായിട്ടും ആളുകൾ തിങ്ങിനിറഞ്ഞ സംഗീത പരിപാടിയിൽ പങ്കെടുത്തതിന് സന്ന മരീനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു.
2019 ഡിസംബറിലാണ് സന്ന ഫിൻലൻഡ് പ്രധാനമന്ത്രിയായി അധികാരമേറ്റത്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരിയാണവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.