ജ്യൂസ് ഫാക്ടറിയിൽ തീപിടിച്ച് 52 പേർ മരിച്ചു
text_fieldsധാക്ക: ബംഗ്ലാദേശിലെ നാരായൺഗഞ്ചിൽ ആറ് നില ജ്യൂസ് ഫാക്ടറിയിൽ തീപിടിച്ച് 52 പേർ വെന്തുമരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു.
ഹാഷിം ഫുഡ് ആൻഡ് ബീവറേജ് ഫാക്ടറിയിലാണ് തീ പിടിത്തമുണ്ടായത്. നാരായൺഗഞ്ച്, ധാക്ക എന്നിവിടങ്ങളിൽ നിന്നുള്ള 18 അഗ്നിശമന യൂനിറ്റുകൾ കഠിനപ്രയത്നത്തിലൂടെയാണ് തീയണച്ചത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. വെള്ളിയാഴ്ച പുലർച്ചെ തീ നിയന്ത്രണ വിധേയമായിരുന്നെങ്കിലും കെട്ടിടത്തിന്‍റെ അഞ്ചും ആറും നിലകളിൽ വീണ്ടും തീ പടർന്നു.
തീയിൽനിന്ന് രക്ഷപ്പെടാൻ നിരവധി തൊഴിലാളികൾ കെട്ടിടത്തിൽ നിന്ന് ചാടിയതും മരണസംഖ്യ വർധിക്കാൻ ഇടയാക്കി. ചാടിയവരിൽ മൂന്നുപേർ വ്യാഴാഴ്ച തന്നെ മരിച്ചു. നിരവധിപേർക്ക് സാരമായി പരിക്കേറ്റു. കാണാതായ തങ്ങളുടെ പ്രിയപ്പെട്ടവരെ തേടി ആളുകൾ കെട്ടിടത്തിന് മുന്നിൽ തടിച്ചുകൂടിയിട്ടുണ്ട്.
സംഭവ സമയത്ത് ഫാക്ടറിയിലേക്കുള്ള ഏകവഴി പൂട്ടിയിരിക്കുകയാരുന്നുവെന്ന് തൊഴിലാളികളുടെ ബന്ധുക്കൾ ആരോപിച്ചു. കെട്ടിടത്തിന് ശരിയായ അഗ്നി സുരക്ഷാ സംവിധാനങ്ങളില്ലെന്നും അവർ പറഞ്ഞു.
തീ പൂർണമായും നിയന്ത്രണവിധേയമാക്കാൻ ഇനിയും സമയമെടുക്കുമെന്ന് നാരായൺഗഞ്ച് ജില്ല ഫയർ സർവിസ് ഡെപ്യൂട്ടി ഡയറക്ടർ അബ്ദുല്ല അൽ അറേഫിൻ പറഞ്ഞു. ''എത്രമാത്രം നാശനഷ്ടമുണ്ടായെന്നും തീപ്പിടിത്തത്തിന്റെ കാരണം എന്താണെന്നും ഇപ്പോൾ കൃത്യമായി പറയാൻ കഴിയില്ല," അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ജില്ലാ ഭരണകൂടം അഞ്ചംഗ അന്വേഷണ സമിതി രൂപവത്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.