റോഹിങ്ക്യൻ ക്യാമ്പിലെ തീപിടിത്തം; വഴിയാധാരമായത് 12,000 അഭയാർഥികൾ
text_fieldsധാക്ക: ബംഗ്ലാദേശിലെ കോക്സ് ബസാറിൽ റോഹിങ്ക്യൻ അഭയാർഥി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ വഴിയാധാരമായത് 12,000ത്തോളം അഭയാർഥികൾ. മുളകൊണ്ട് നിർമിച്ച 2000ത്തിലേറെ വീടുകളാണ് ഞായറാഴ്ചയുണ്ടായ തീപിടിത്തത്തിൽ കത്തിച്ചാമ്പലായത്. വീടുകളിലെ പാചകവാതക സിലിണ്ടറുകൾ ഒന്നൊന്നായി പൊട്ടിത്തെറിച്ചാണ് തീപടർന്നത്. ആളുകൾ പുറത്തിറങ്ങിയതിനാൽ മരണമുണ്ടായില്ല. ലോകത്തിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പാണ് കോക്സ് ബസാറിലേത് എന്നാണ് കരുതുന്നത്. മ്യാന്മറിൽനിന്ന് പീഡനം സഹിക്കാതെ അഭയം തേടിയെത്തിയ റോഹിങ്ക്യകളാണ് ഇവിടെ കഴിയുന്നത്. ഞായറാഴ്ച ഉച്ച 2.45നാണ് അപകടം. മുളയും ടാർപായയും കൊണ്ട് കെട്ടിയ താൽക്കാലിക കെട്ടിടങ്ങൾ എളുപ്പം തീപടരുന്നതായിരുന്നു. താൽക്കാലിക അഭയകേന്ദ്രവും നഷ്ടപ്പെട്ട് തെരുവിലായവർ സങ്കടക്കടലിലാണ്.
രേഖകളും ഉടുതുണിയും പാത്രങ്ങളും ഭക്ഷണസാധനങ്ങളുമടക്കം കത്തിച്ചാമ്പലായതോടെ ശൂന്യതയിലാണിവർ. കുട്ടികളുടെ പുസ്തകങ്ങളും പഠനോപകരണങ്ങളും ഒന്നും ബാക്കിയില്ല. 35 മസ്ജിദുകളും 21 പഠനകേന്ദ്രങ്ങളും നശിപ്പിക്കപ്പെട്ടു. പത്തു ലക്ഷത്തിലേറെ റോഹിങ്ക്യകളാണ് ബംഗ്ലാദേശിലെ ക്യാമ്പുകളിൽ കഴിയുന്നത്. ഇവിടത്തെ ക്യാമ്പുകളിൽ തീപിടിത്തം ആദ്യസംഭവമല്ല. 2021, 2022 വർഷങ്ങളിലായി 222 തീപിടിത്തമാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 60 എണ്ണം തീവെച്ചതായിരുന്നുവെന്ന് ബംഗ്ലാദേശ് പ്രതിരോധമന്ത്രാലയം കഴിഞ്ഞമാസം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
2021 മാർച്ചിലുണ്ടായ തീപിടിത്തത്തിൽ 15 പേർ മരിക്കുകയും 50,000 പേർ വഴിയാധാരമാകുകയും ചെയ്തു. അന്താരാഷ്ട്രസഹായം ലഭിച്ചില്ലെങ്കിൽ റോഹിങ്ക്യൻ അഭയാർഥി ക്യാമ്പുകളിൽ ഭക്ഷണവിതരണംപോലും പ്രതിസന്ധിയിലാകുന്ന അവസ്ഥയിലാണെന്ന് അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്രസഭ ഏജൻസി കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് തീപിടിത്തം ദുരിതം ഇരട്ടിയാക്കിയത്. 12,000 പേരെ പെട്ടെന്ന് പുനരധിവസിപ്പിക്കുക എളുപ്പമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.