ക്യൂബൻ എണ്ണ സംഭരണ ശാലയിൽ വൻ സ്ഫോടനം; ഒരു മരണം
text_fieldsഹവാന: ക്യൂബയിലെ എണ്ണസംഭരണ ശാലയിലുണ്ടായ സഫോടനത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ 121 പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. തുറമുഖ നഗരമായ മറ്റാൻസസിൽ വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. എണ്ണ സംഭരണിയിൽ മിന്നലേറ്റതാണ് സ്ഫോടനത്തിന് കാരണം.
എട്ട് സംഭരണികളിൽ ഒന്നിന് മിന്നലേറ്റതിനെ തുടർന്ന് തീപ്പിടിത്തമുണ്ടാവുകയും സ്ഫോടനം സംഭവിക്കുകയുമായിരുന്നു. തുടർന്ന് തീജ്വാല രണ്ടാമത്തെ ടാങ്കിലേക്ക് പടർന്നതോടെ ശനിയാഴ്ച വീണ്ടും സ്ഫോടനമുണ്ടായി. അപകടത്തിൽ 17 അഗ്നിശമന സേനാംഗങ്ങളെ കാണാതായിട്ടുണ്ട്. 1000ലധികം പ്രദേശവാസികളെ ഒഴിപ്പിച്ചതായാണ് റിപ്പോർട്ടുകൾ.
അടിയന്തരഘട്ടം തരണം ചെയ്യാൻ ക്യൂബക്ക് സഹായം വാഗ്ദാനം ചെയ്ത മെക്സിക്കോ, വെനസ്വേല, റഷ്യ, ചിലി എന്നീ രാജ്യങ്ങൾക്ക് നന്ദി അറിയിക്കുന്നതായി ക്യൂബൻ പ്രസിഡന്‍റ് മിഗ്വൽ മിഗ്വെല്‍ ഡയസ് കാനൽ ട്വീറ്റ് ചെയ്തു.
ക്യൂബൻ തലസ്ഥാനമായ ഹവാനയിൽ നിന്നും 100 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന മറ്റാൻസസിൽ 3,00,000 ബാരൽ ശേഷിയുള്ള എട്ട് വലിയ എണ്ണസംഭരണികളാണുണ്ടായിരുന്നത്. പുക ഹവാനയിലെത്തുന്ന സാഹചര്യത്തിൽ സമീപത്തെ സംഭരണികളിൽ സൈന്യം ഹെലികോപ്റ്റർ ഉപയോഗിച്ച് കടൽവെള്ളം ഒഴിക്കുന്നുണ്ട്. പ്രദേശവാസികൾക്ക് ആസിഡ് മഴ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.