ആദ്യം അഹ്മദിന് കുടുംബം നഷ്ടമായി, പിന്നെ കാലുകളും
text_fieldsഗസ്സ: തന്റെ കാലുകൾ നഷ്ടമായെന്ന് അഹ്മദ് ഷബാത് എന്ന മൂന്നുവയസ്സുകാരൻ ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല. പുറത്ത് നടക്കാൻ പോകണമെന്നാണ് മാതൃസഹോദരൻ ഇബ്രാഹിം അബു അംഷെയോട് അവൻ ആവശ്യപ്പെടുന്നത്. കടുത്ത വേദന അവൻ അനുഭവിക്കുന്നുണ്ടാകും. തലവേദനക്ക് നൽകുന്ന അകമോൾ (പാരസെറ്റമോൾ) ഗുളിക മാത്രമേ ആശുപത്രിയിൽ ഉള്ളൂ.
ബൈത് ഹനൂനിലെ അഹ്മദിന്റെ കുടുംബവീടിന് ഇസ്രായേൽ ബോംബിടുന്നത് ആക്രമണം ആരംഭിച്ച ആദ്യ ദിവസമാണ്. രണ്ട് വയസ്സുള്ള സഹോദരൻ മഹ്മൂദ് ഒഴികെയുള്ള മുഴുവൻ കുടുംബവും കൊല്ലപ്പെട്ടു. മാതാപിതാക്കൾ, മൂത്ത സഹോദരൻ മുഹമ്മദ്, വല്യൂപ്പയും വല്യൂമ്മയും, അമ്മാവനും അമ്മായിയും... എല്ലാവരും പോയി.
കുടുംബത്തെ അടക്കം ചെയ്യാൻ ഇബ്രാഹിം സഹോദരിയുടെ വീട്ടിലേക്ക് പോയപ്പോൾ അഹ്മദിനെ അയൽവാസികൾ ഇന്തോനേഷ്യൻ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. അവിടുന്നാണ് ശൈഖ് റദ്വാനിലെ വീട്ടിലേക്ക് കൊണ്ടുവന്നത്. തൊട്ടടുത്ത വീട്ടിൽ ബോംബ് വീണപ്പോൾ പരിഭ്രാന്തി കാരണം അവിടെനിന്ന് മാറാൻ നിർബന്ധിതരായി.
തുടർന്ന് അൽ നസ്ർ ഭാഗത്തെ യു.എൻ സ്കൂളിലെത്തി. ഒരു രാത്രിയാണ് അവിടെ ചെലവഴിച്ചത്. അന്ന് രാവിലെ സ്കൂൾ സുരക്ഷിതമല്ലെന്നും ഒഴിയണമെന്നും പറഞ്ഞ് ഇസ്രായേൽ സൈന്യം ലഘുലേഖ വിതറി. അങ്ങനെയാണ് നുസൈറാത് അഭയാർഥി ക്യാമ്പിലെ മറ്റൊരു യു.എൻ സ്കൂളിലേക്ക് പോയതെന്ന് ഇബ്രാഹിം പറഞ്ഞു.
ഒരുമാസം അവിടെ താമസിച്ചു. ഇബ്രാഹിമിന്റെ ഇളയ സഹോദരൻ സാലിഹുമായി അഹ്മദ് ഇക്കാലയളവിൽ കൂടുതൽ അടുത്തു. ഇടക്കിടെ അഹ്മദ് നിലവിളിച്ച് എഴുന്നേൽക്കുമായിരുന്നു. സാലിഹ് ആശ്വസിപ്പിക്കുമ്പോഴാണ് അവൻ അടങ്ങിയിരുന്നത്.
അന്ന് നവംബർ 13. അഹ്മദിന് സാലിഹിനൊപ്പം കടയിൽ പോകണമെന്നുണ്ടായിരുന്നു. സ്കൂളിൽനിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ പ്രദേശത്ത് സ്ഫോടന പരമ്പര ഉണ്ടായി. ആളുകളെ ക്ലാസ് മുറികളിലേക്ക് കയറ്റാൻ സഹായിക്കുന്നവരിൽ ഇബ്രാഹിമും ഉണ്ടായിരുന്നു. തന്റെ സഹോദരനും മരുമകനും പുറത്ത് അപകടത്തിൽപെട്ടത് ഇബ്രാഹിം അറിഞ്ഞിട്ടുണ്ടായിരുന്നില്ല.
അഹ്മദ് കാലുകളില്ലാതെ നിലത്ത് കിടക്കുന്നത് കണ്ട ഇബ്രാഹിം ആംബുലൻസ് കാണുന്നതുവരെ അവനെയും എടുത്ത് ഓടി. സാലിഹിനെ പരിക്കേറ്റവരുടെ ഇടയിൽ തിരഞ്ഞെങ്കിലും കണ്ടില്ല. ഉള്ളിൽ ഭയം നിഴലിച്ച് അയാൾ മോർച്ചറി എവിടെയാണെന്ന് ചോദിച്ചു. ആവരണം മാറ്റി സഹോദരന്റെ ചേതനയറ്റ ശരീരം കണ്ടപ്പോൾ ഇബ്രാഹിം മരവിച്ച് പോയിരുന്നു.
26കാരനായ സാലിഹിന്റെ വിവാഹനിശ്ചയം കഴിഞ്ഞിട്ടുണ്ടായിരുന്നു. സൂര്യാസ്തമയ സമയത്ത് അവർ സാലിഹിനെ അടക്കം ചെയ്തു. അഹ്മദിന്റെ കാര്യത്തിൽ ഇബ്രാഹിമിന് ആശങ്കയുണ്ട്. ഒന്നര വയസ്സുള്ള തന്റെ മകളോടൊപ്പം അവനെ പൊന്നുപോലെ നോക്കുമെന്ന് അയാൾ മനസ്സിലുറപ്പിച്ചിട്ടുണ്ട്.
എന്നാൽ, അവന്റെ ഉമ്മയുടെ പകരമാവാൻ ആർക്കും കഴിയില്ലല്ലോ. ഉമ്മ അവനെ വളരെയധികം സ്നേഹിച്ചിരുന്നുവെന്നും ഇപ്പോൾ അവർ സ്വർഗത്തിലാണെന്നും ഇബ്രാഹിം അവനോട് പറഞ്ഞു... കറുത്ത താടിയിലേക്ക് കണ്ണുനീർ ഒഴുക്കിക്കൊണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.