മരണഭീതി പരത്തി 'മാര്‍ബര്‍ഗ് വൈറസ്'; പകരുന്നത് വവ്വാലിൽ നിന്ന്
text_fieldsജനീവ (സ്വിറ്റ്സർലൻഡ്): പടിഞ്ഞാറൻ ആഫ്രിക്കയെ മരണഭീതിയിലാക്കി എബോള വൈറസിന് സമാനമായ മാര്‍ബര്‍ഗ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഗിനിയയിലാണ് മാർബർഗ് വൈറസ് കേസ് റിപ്പോർട്ട് ചെയ്തതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
പിടിക്കപ്പെടുന്നവരിൽ 88 ശതമാനം പേർക്ക് വരെ മരണം സംഭവിക്കാൻ സാധ്യതയുള്ള മാർബർഗ് എബോള ഉൾപ്പെടുന്ന ഫിലോവൈറസ് കുടുംബത്തിലെ അംഗമാണ്. വവ്വാലിൽ നിന്നാണു മനുഷ്യരിലേക്ക് രോഗം പകരുന്നത്. മനുഷ്യരിലെത്തിയാൽ രക്തം, മറ്റു ശരീര ദ്രവങ്ങൾ എന്നിവയിലൂടെ മറ്റുള്ളവരിലേക്കും പടർന്നു പിടിക്കും.
1967ൽ ജർമനിയിലെ മാർബർഗ് പട്ടണത്തിൽ വൈറസ് ബാധ ആദ്യം കണ്ടെത്തിയതിനാലാണ് ഈ പേര് ലഭിച്ചത്.
ഗ്വക്കെഡോയിൽ ആഗസ്റ്റ് രണ്ടിന് മരിച്ച രോഗിയിൽ നിന്ന് ശേഖരിച്ച സാംപിൾ പരിശോധനക്ക് വിധേയമാക്കിയതിൽ നിന്നാണ് രോഗബാധ കണ്ടെത്തിയത്. ഗിനിയയിൽ എബോളയുടെ രണ്ടാം വരവിന് അന്ത്യമായെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച് രണ്ട് മാസംപിന്നിടുന്നതിന് മുമ്പാണ് മാർബർഗ് വൈറസിന്‍റെ വരവ്. കഴിഞ്ഞ വർഷം തുടങ്ങിയ എബോള ബാധയിൽ 12 ജീവനുകളാണ് നഷ്ടമായത്. സിയറലിയോൺ, ലൈബീരിയ എന്നീ രാജ്യങ്ങളുടെ അതിർത്തിയിലുള്ള വനപ്രദേശത്താണ് മാർബർഗ് റിപ്പോർട്ട് ചെയ്തത്. പോസ്റ്റ്മോർട്ടത്തിന് ശേഷം നടത്തിയ പരിശോധനയിൽ എബോള നെഗറ്റീവായെങ്കിലും മാർബർഗ് പോസിറ്റീവാകുകയായിരുന്നു. മരിച്ചയാളുടെ അടുത്ത ബന്ധുക്കളായ മൂന്ന് പേർ നിരീക്ഷണത്തിലാണ്.
ഗിനിയൻ സർക്കാറും മാർബർഗ് കേസ് സ്ഥിരീകരിച്ചിട്ടുണ്ട്. റൗസെറ്റസ് വവ്വാലുകൾ താമസിക്കുന്ന ഗുഹകളിലോ ഖനികളിലോ നിന്നാണ് മാർബർഗ് പടരാൻ സാധ്യത. രോഗം ബാധിച്ച ആളുകളുടെ ശരീര ദ്രാവകങ്ങളിൽ നിന്നോ അല്ലെങ്കിൽ മലിനമായ പ്രതലങ്ങളുമായോ വസ്തുക്കളുമായോ സമ്പർക്കത്തിലൂടെയോ ആണ് മാർബർഗ് പകരുന്നതെന്നാണ് ഡബ്ല്യു.എച്ച്.ഒ പറയുന്നത്. രോഗം പടരുന്നത് തടയാനായി രാജ്യത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.
വൈറസ് ശരീരത്തിലെത്തി മൂന്ന് മുതല്‍ ഒമ്പത് ദിവസത്തിനുള്ളിലാണ് രോഗബാധ പ്രകടമാകുന്നത്. മലമ്പനി, മഞ്ഞപ്പനി, സന്നിപാതജ്വരം തുടങ്ങിയ രോഗങ്ങളുടെ സമാന ലക്ഷണങ്ങളാണ് ആദ്യമുണ്ടാകുന്നതെന്നതിനാല്‍ മാര്‍ബര്‍ഗ് രോഗം പ്രാഥമിക അവസ്ഥയില്‍ കണ്ടെത്താനാകുന്നില്ല. മുമ്പ് രോഗബാധയുണ്ടായ ഇടങ്ങളിൽ 24 മുതൽ 88 ശതമാനം വരെയാണ് മരണനിരക്ക്.
ദക്ഷിണാഫ്രിക്ക, കെനിയ, ഉഗാണ്ട, ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ എന്നിവിടങ്ങളിൽ നേരത്തെ മാർബർഗ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇതാദ്യമായാണ് രോഗം പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. അംഗീകൃത വാക്സിനുകളോ ആൻറിവൈറൽ ചികിത്സകളോ ഇല്ലെങ്കിലും പ്രത്യേക ലക്ഷണങ്ങളുടെ ചികിത്സയുമാണ് രോഗികൾക്ക് നൽകി വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.