താലിബാൻ മുന്നേറ്റത്തിന് തടയിടൽ അഫ്ഗാൻ സേനയുടെ പ്രധാന ചുമതല -പെന്‍റഗൺ മേധാവി
text_fieldsവാഷിങ്ടൺ: താലിബാൻ മുന്നേറ്റത്തെ തടയുകയെന്നതാണ് അഫ്ഗാൻ സൈന്യത്തിന്‍റെ പ്രധാന ചുമതലയെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ. കൂടുതൽ മേഖലകൾ നിയന്ത്രണത്തിലാക്കുന്നതിന് മുമ്പ് താലിബാനെ തടയണം. തന്ത്രപ്രധാനമായ കേന്ദ്രങ്ങളിൽ അഫ്ഗാൻ സേനാ വിന്യാസം നടത്താനൊരുങ്ങുന്ന സാഹചര്യത്തിലാണ് പ്രസ്താവന.
അഫ്ഗാൻ സേന പ്രധാന ജനവാസ മേഖലകളിൽ സൈന്യത്തെ കേന്ദ്രീകരിക്കുകയാണെന്ന് ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു. താലിബാനെ തടയാൻ കഴിയുമോ ഇല്ലയോ എന്നതിലപ്പുറം, താലിബാന്‍റെ മുന്നേറ്റം കുറയ്ക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്. അഫ്ഗാൻ സൈന്യത്തിന് അതിനുള്ള കഴിവും ശേഷിയും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആഗസ്റ്റ് 31ഓടെ മുഴുവൻ യു.എസ് സേനയും അഫ്ഗാനിസ്ഥാനിൽ നിന്ന് മടങ്ങുകയാണ്. പ്രസിഡന്‍റ് ജോ ബൈഡന്‍റെ തീരുമാനത്തിന് പിന്നാലെ സൈന്യം തിരിച്ചുപോക്ക് ആരംഭിക്കുകയും ചെയ്തു. 20 വര്‍ഷത്തെ അമേരിക്കന്‍ സൈനിക ഇടപെടലിനാണ് ഇതോടെ അവസാനമാകുന്നത്.
അതിനിടെ, അഫ്ഗാനിസ്താനിലെ അഭയാർഥി പുനരധിവാസത്തിന് 10 കോടി ഡോളറിെൻറ (ഏകദേശം 740 കോടി രൂപ) അടിയന്തര ധനസഹായ പാക്കേജിന് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ കഴിഞ്ഞ ദിവസം അനുമതി നൽകി.
പ്രത്യേക കുടിയേറ്റ വിസയിൽ യു.എസിൽ ജോലിചെയ്യുന്ന അഫ്ഗാനികളെ തിരിച്ചയക്കാനുള്ള നടപടികളും യു.എസ് തുടങ്ങിയിട്ടുണ്ട്. ഇവരെയുൾപ്പെടെ പുനരധിവസിപ്പിക്കാനാണ് സഹായം. താലിബാനിൽനിന്നുള്ള സുരക്ഷാഭീഷണി കണക്കിലെടുത്താണിത്.
വിസ നടപടികൾ പൂർത്തിയാക്കിയാൽ ഉടൻ ആദ്യസംഘം ഈ മാസാവസാനം അഫ്ഗാനിലേക്ക് തിരികെയെത്തും. 2001ലെ അധിനിവേശത്തിനുശേഷമാണ് പരിഭാഷകരായും മറ്റു ജോലി ചെയ്യാനും അഫ്ഗാനികൾക്ക് യു.എസ് പ്രത്യേക കുടിയേറ്റ വിസ നൽകിത്തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.