ന്യൂയോർക്കിലെ സ്കൂളുകൾക്ക് ദീപാവലി അവധി; ചരിത്രത്തിൽ ആദ്യം
text_fieldsന്യൂയോർക്ക്: ചരിത്രത്തിൽ ആദ്യമായി ദീപാവലി ആഘോഷങ്ങൾ പ്രമാണിച്ച് ന്യൂയോര്‍ക്ക് നഗരത്തിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ ദീപാവലി സവിശേഷമാണെന്നും ആഘോഷങ്ങള്‍ നടക്കുന്ന നവംബര്‍ ഒന്ന് വെള്ളിയാഴ്ച അവധിയായിരിക്കുമെന്നും മേയർ ഓഫിസിലെ ഡെപ്യൂട്ടി കമീഷണർ ദിലീപ് ചൗഹാൻ അറിയിച്ചു.
“1.1 ദശക്ഷം സ്കൂൾ വിദ്യാർഥികളുള്ള ന്യൂയോർക്ക് സിറ്റിയിൽ ഒരു അവധി ദിനം പ്രഖ്യാപിക്കുകയെന്നത് എളുപ്പമല്ല. വിവിധ മത വിഭാഗത്തിൽപ്പെട്ടവരാണ് ഇവർ. എന്നാൽ ദീപാവലിക്ക് അവധി നൽകുകയെന്ന ആവശ്യം ഉയരാൻ തുടങ്ങിയിട്ട് കുറച്ച് വർഷങ്ങളായി. നിരവധി സമുദായങ്ങൾ ഈ ആവശ്യവുമായി രംഗത്തുവന്നിരുന്നു. ഒടുവിൽ ന്യൂയോർക്ക് മേയർ എറിക് ആഡംസാണ് ദീപാവലിക്ക് അവധി പ്രഖ്യാപിച്ചത്. ദീപാവലി ദിനത്തില്‍ കുട്ടികള്‍ക്ക് ക്ഷേത്രത്തില്‍ പോകേണ്ടിവരും. നേരത്തെ അവർ സ്കൂളിൽ പോകണോ ക്ഷേത്രത്തിൽ പോകണോ എന്ന ആശങ്കയിലായിരുന്നു. എന്നാൽ അവധി പ്രഖ്യാപിച്ചതോടെ അവർക്ക് ആഘോഷിക്കാനുള്ള അവസരം ലഭിക്കുന്നു” -ദിലീപ് ചൗഹാന്‍ പറഞ്ഞു.
ജൂണിൽ തന്നെ ദീപാവലിക്ക് സ്കൂൾ അവധിയായിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ദീപാവലി വിളക്കുകളുടെ ഉത്സവമാണെന്നും ഹിന്ദുക്കളും ജൈനരും സിഖുകാരും ബുദ്ധമതക്കാരും എല്ലാവരും ആഘോഷിക്കുന്നതാണെന്നും ന്യൂയോര്‍ക്ക് സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്ക് ആഘോഷത്തില്‍ പങ്കുചേരാന്‍ കഴിയുമെന്നും ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു. വൈറ്റ് ഹൗസും എക്സിലൂടെ ദീപാവലി ആശംസ അറിയിച്ചിട്ടുണ്ട്. ദീപാവലിയോട് അനുബന്ധിച്ച് ലോക വ്യാപര സംഘടനയുടെ അടക്കം ന്യൂയോർക്ക് നഗരത്തിലെ വിവിധ കെട്ടിടങ്ങൾ ദീപാലംകൃതമാക്കി.
യു.എസ് പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും തിങ്കളാഴ്ച വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷങ്ങൾ നടത്തി. പ്രസിഡന്റ് പദവിയിൽ ബൈഡന്റെ അവസാന ദീപാവലി ആഘോഷമായിരിക്കും ഇത്. എക്സിൽ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് വൈറ്റ് ഹൗസ് എല്ലാവർക്കും ദീപാവലി ആശംസകൾ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.