രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായി യു.എസിൽ 'മങ്കിപോക്സ്'
text_fieldsവാഷിങ്ടൺ: രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായി യു.എസിലെ ടെക്സാസിൽ 'മങ്കിപോക്സ്' രോഗം സ്ഥിരീകരിച്ചു. സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി) ആണ് ഇക്കാര്യം അറിയിച്ചത്. ഏതാനും ദിവസം മുമ്പ് നൈജീരിയയിൽ നിന്ന് മടങ്ങിയെത്തിയ ടെക്സാസ് നിവാസിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാളെ ഡാളസിലെ ആശുപത്രിയിൽ സമ്പർക്കവിലക്കിൽ പ്രവേശിപ്പിച്ചു. ജൂലൈ എട്ടിന് നൈജീരിയയിൽനിന്ന് അത്ലാന്റയിലേക്കും പിറ്റേ ദിവസം അത്ലാന്റ മുതൽ ഡാളസിലേക്കും രണ്ടു വിമാനങ്ങളിലായാണ് ഇയാൾ യാത്ര ചെയ്തത്. അതേസമയം, മങ്കിപോക്സിെന്റ ഒരൊറ്റ കേസിൽ ആശങ്ക വേണ്ടതില്ലെന്നും പൊതുജനങ്ങൾക്ക് ഭീഷണിയില്ലെന്നും സർക്കാർ ഉദ്യോഗസ്ഥർ അറിയിച്ചു.
2003ൽ 47 പേരെ ബാധിച്ചതിനുശേഷം മങ്കിപോക്സ് വൈറസ് പിന്നീട് യു.എസിൽ റിപ്പോർട്ട് ചെയ്യെപ്പട്ടിട്ടില്ല. മിഡ്വെസ്റ്റിലെ വളർത്തുനായകളിൽനിന്നാണ് അന്ന് ഈ വൈറസ് ബാധയുണ്ടായത്. വായുകണങ്ങൾ വഴി മങ്കിപോക്സ് മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരാനിടയുണ്ടെങ്കിലും എല്ലാവരും മാസ്ക് ധരിക്കുന്ന സാഹചര്യത്തിൽ അങ്ങനെ സംഭവിക്കാനുള്ള സാധ്യത കുറവാണെന്ന് സി.ഡി.സി പറഞ്ഞു. കോവിഡ് മൂലം വിമാനത്താവളങ്ങളിലും വിമാനങ്ങളിലും മാസ്ക് ധരിക്കേണ്ടത് നിർബന്ധമായതിനാൽ അതുവഴി അപകടസാധ്യത കുറയുമെന്നും ചൂണ്ടിക്കാട്ടുന്നു.
എന്താണ് മങ്കിപോക്സ്?
ഗുരുതര വൈറസ് രോഗം. സാധാരണയായി മധ്യ-പടിഞ്ഞാറൻ ആഫ്രിക്കയുടെ ഉൾപ്രദേശങ്ങളിലാണ് രോഗബാധ കണ്ടെത്താറ്. വസൂരി പരത്തുന്ന വൈറസ് കുടുംബത്തിൽപ്പെട്ടതാണ് മങ്കിപോക്സ് വൈറസും. ചില സന്ദർഭങ്ങളിൽ മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് വൈറസ് പകരും. പനി, നീർവീഴ്ച, ശരീരത്തിലും മുഖത്തും തടിപ്പുകൾ തുടങ്ങിയവയാണ് പ്രാരംഭലക്ഷണങ്ങൾ. രോഗബാധ നാലാഴ്ച വരെ നീണ്ടുനിൽക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.