ആത്മഹത്യാ പെട്ടിയിൽ 64കാരി ജീവനൊടുക്കി; നിരവധി പേർ കസ്റ്റഡിയിൽ
text_fieldsസൂറിച്ച്: സ്വിറ്റ്സർലൻഡിൽ വിവാദമായ ആത്മഹത്യാപെട്ടി (സൂയിസൈഡ് കാപ്സ്യൂൾ)യിൽ 64 കാരി ജീവനൊടുക്കി. സംഭവത്തിൽ ആത്മഹത്യാ പ്രേരണ കുറ്റത്തിന് നിരവധി പേരെ സ്വിസ് പൊലീസ് അറസ്റ്റ് ചെയ്തു. ജർമ്മൻ അതിർത്തിയിലുള്ള ഷാഫ്‌ഹൗസണിലെ വടക്കൻ കന്റോൺ പൊലീസ് പരിധിയിലെ വനത്തിലാണ് സംഭവം.
മരിച്ചയാളെക്കുറിച്ചോ പിടിയിലായവരെ കുറിച്ചോ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ആത്മഹത്യക്ക് പ്രേരിപ്പിച്ചതിനും സഹായിച്ചതിനും നിരവധി പേർക്കെതിരെ ക്രിമിനൽ നടപടികൾ ആരംഭിച്ചതായി ഷാഫ്‌ഹൗസൺ പ്രോസിക്യൂഷൻ പറഞ്ഞു.
എന്നാൽ, 64 വയസ്സുകാരിയായ അമേരിക്കൻ സ്ത്രീയാണ് മരിച്ചതെന്ന് ‘സാർകോ’ എന്ന പേരിലുള്ള സൂയിസൈഡ് കാപ്സ്യൂൾ നിർമിച്ച ആത്മഹത്യാ അനുകൂല സംഘടനയായ ‘ദി ലാസ്റ്റ് റിസോർട്ട്’ വക്താവ് പറഞ്ഞു. ‘ദ ലാസ്റ്റ് റിസോർട്ട്’ സഹസ്ഥാപകൻ ഫ്ലോറിയൻ വില്ലെറ്റും ഒരു ഡച്ച് പത്രപ്രവർത്തകനും രണ്ട് സ്വിസ് പൗരൻമാരും പിടിയിലായതായും അദ്ദേഹം പറഞ്ഞു. സ്ത്രീ മരിക്കുന്ന സമയത്ത് വില്ലെറ്റ് മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നതത്രെ. ഇതിന്റെ ചിത്രവും സംഘടന പുറത്തുവിട്ടിട്ടുണ്ട്. ഓക്സിജന്റെ അളവ് കുറച്ച് പകരം നൈട്രജൻ വാതകം കടത്തിവിട്ടാണ് ആത്മഹത്യപെട്ടി പ്രവർത്തിപ്പിക്കുന്നത്.
നെതർലാൻഡിലാണ് സാർകോ രൂപകല്പന ചെയ്തത്. കഴിഞ്ഞ പത്ത് വർഷമായി നെതർലാൻഡിൽ താമസിക്കുന്ന ആസ്‌ട്രേലിയൻ ഡോക്ടറും ഭൗതികശാസ്ത്രജ്ഞനുമായ ക്രിയേറ്റർ നിറ്റ്ഷ്കെ (77)യാണ് ക്യാപ്‌സ്യൂളിന് പിന്നിലെ ബുദ്ധി കേന്ദ്രം. 30,000 അംഗങ്ങളുള്ള എക്‌സിറ്റ് ഇൻറർനാഷണലിൻറെ സ്ഥാപകനാണ് നിറ്റ്‌ഷ്‌കെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.