അഞ്ചുകോടി മനുഷ്യർ ആധുനിക അടിമത്വത്തിൽ -യു.എൻ
text_fieldsജനീവ: അഞ്ച് കോടി മനുഷ്യർ ഇഷ്ടമില്ലാത്ത ജോലിയും വിവാഹവും ചെയ്ത് ആധുനിക അടിമത്വത്തിൽ പെട്ടുപോയിരിക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭ. യു.എൻ ഏജൻസിയും വാക് ഫ്രീ ഫൗണ്ടേഷനും ചേർന്നു നടത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. 2030ഓടെ എല്ലാ തരത്തിലുള്ള ആധുനിക അടിമത്വവും ഇല്ലായ്മ ചെയ്യൽ ലക്ഷ്യമാണെന്ന് അന്താരാഷ്ട്ര തൊഴിൽ സംഘടന മേധാവി ഗേ റൈഡർ പറഞ്ഞു. അടിസ്ഥാന മനുഷ്യാവകാശം നിഷേധിക്കപ്പെടുന്നത് ന്യായീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് കാലം സ്ഥിതി വഷളാക്കി. തൊഴിലാളികളുടെ അപകടസാധ്യതയും കടബാധ്യതയും വർധിച്ചു. കാലാവസ്ഥ വ്യതിയാനവും സായുധ സംഘർഷങ്ങളും ദുരിതം ഇരട്ടിപ്പിച്ചു. വിദ്യാഭ്യാസവും തൊഴിലും മുടങ്ങി ദാരിദ്ര്യം കാരണം ആളുകൾ സുരക്ഷിതമല്ലാത്ത പലായനത്തിന് നിർബന്ധിതരായി. ഇത്തരം മനുഷ്യരെയാണ് ചൂഷണം ചെയ്യുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്ത്രീകളും കുട്ടികളുമാണ് ഏറെ ദുരിതത്തിലായത്. അഞ്ചിലൊന്ന് കുട്ടികളും നിർബന്ധിതമായി തൊഴിൽ ചെയ്യുന്നു.
അതിൽ പകുതി പേരും വാണിജ്യ, ലൈംഗിക ചൂഷണത്തിന് ഇരയാകുന്നു. ഇഷ്ടമില്ലാത്ത ജോലി ചെയ്യാൻ നിർബന്ധിക്കപ്പെടുന്നതിൽ കൂടുതലും കുടിയേറ്റ തൊഴിലാളികളാണ്. എല്ലാ രാജ്യത്തും ആധുനിക അടിമത്വ രീതികൾ ഉണ്ടെങ്കിലും ഉയർന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ് പകുതിയിലധികമെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
കുടിയേറ്റം സുരക്ഷിതവും വ്യവസ്ഥാപിതവുമാക്കാൻ അടിയന്തരശ്രമം ആവശ്യമാണെന്ന് കുടിയേറ്റക്കാർക്കായുള്ള അന്താരാഷ്ട്ര സംഘടന മേധാവി അന്റോണിയോ വിറ്റോറിനോ റിപ്പോർട്ടിനോട് പ്രതികരിച്ച് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.