സിറിയയിലെ അലെപ്പോ വിമാനത്താവളത്തിന് നേരെ ഇസ്രായേൽ ആക്രമണം; അഞ്ച് പേർക്ക് പരിക്ക്
text_fieldsഡമാസ്കസ്: സിറിയയിലെ അലെപ്പോ വിമാനത്താവളത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് വിമാനത്താവളത്തിന് നേരെ വ്യോമാക്രമണമുണ്ടായത്. രണ്ട് ദിവസത്തിനിടെ സിറിയയിൽ ഇസ്രായേൽ നടത്തുന്ന രണ്ടാമത്തെ വ്യോമാക്രമണമാണിത്. നേരത്തെയും ഇസ്രായേൽ വിമാനത്താവളങ്ങളെ തന്നെയാണ് ലക്ഷ്യമിട്ടത്.
ഇസ്രായേൽ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റുവെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ച നടന്ന ആക്രമണത്തിന് ശേഷം വിമാനത്താവളത്തിന്റെ പ്രവർത്തനം പുനഃരാരംഭിച്ച് മണിക്കൂറുകൾക്കകമാണ് വീണ്ടും ആക്രമണം ഉണ്ടായത്. ആക്രമണം നടന്ന വിവരം സിറിയൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.
ശനിയാഴ്ച രാത്രി പ്രാദേശിക സമയം 11:35ഓടെയായിരുന്നു ആക്രമണമെന്ന് സിറിയൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ വിമാനത്താവളത്തിന് കേടുപാട് സംഭവിച്ചുവെന്നും പ്രവർത്തനം നിർത്തേണ്ടി വന്നുവെന്നും സിറിയൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ഇസ്രായേൽ അധിനിവേശത്തിന്റെ ക്രിമിനൽ സ്വഭാവമാണ് ആക്രമണത്തിലൂടെ വ്യക്തമാവുന്നത്. ഫലസ്തീൻ ജനതയോട് വലിയ കുറ്റകൃത്യമാണ് ഇസ്രായേൽ ചെയ്യുന്നതെന്നും സിറിയ വ്യക്തമാക്കി. വ്യാഴാഴ്ച അലെപ്പോയെ കൂടാതെ സിറിയയിലെ ഡമാസ്കസ് വിമാനത്താവളവും ഇസ്രായേൽ ആക്രമിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.