വീണ്ടും ഇസ്രായേൽ കൊലവിളി: 15കാരനടക്കം അഞ്ച് ഫലസ്തീനികളെ ഹെലികോപ്ടറിൽനിന്ന് ബോംബിട്ട് കൊലപ്പെടുത്തി, 91 പേർക്ക് പരിക്ക്
text_fieldsവെസ്റ്റ് ബാങ്ക്: വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിൽ കൊലവിളിയുമായി വീണ്ടും ഇസ്രായേൽ സൈന്യം. അഹ്മദ് സഖർ എന്ന 15 വയസ്സുകരനടക്കം അഞ്ച് ഫലസ്തീനികളെ ഹെലികോപ്ടറിൽനിന്ന് ബോംബിട്ട് കൊലപ്പെടുത്തി. ഖാലിദ് ദർവീഷ് (21), ഖസ്സാം സരിയ (19), ഖസ്സാം ഫൈസൽ അബൂസിരിയ (29), ഖൈസ് മജിദീ (21) എന്നിവരാണ് കൊല്ലപ്പെട്ട മറ്റുള്ളവർ. ആക്രമണത്തിൽ അഭയാർഥി ക്യാമ്പിലെ 91 പേർക്ക് പരിക്കേറ്റു.
കുടിയേറ്റം വ്യാപിപ്പിക്കാനുള്ള പദ്ധതിക്ക് മുന്നോടിയായാണ് ഇസ്രായേൽ ആക്രമണം അഴിച്ചുവിടുന്നതെന്ന് ഫലസ്തീൻ അതോറിറ്റി ആരോപിച്ചു. എന്നാൽ, രണ്ടു പേരെ തിരഞ്ഞാണ് സൈന്യം ക്യാമ്പിലെത്തിയതെന്നും പ്രതിരോധമുണ്ടായപ്പോൾ തിരിച്ചടിച്ചു എന്നുമാണ് ഇസ്രായേൽ സൈന്യം പറയുന്നത്. സംഘർഷത്തിൽ ഏതാനും ഇസ്രായേൽ സൈനികർക്കും പരിക്കേറ്റു.
തിങ്കളാഴ്ച വൈകീട്ട് ജെനിൻ ക്യാമ്പിൽനിന്ന് സൈന്യത്തെ പിൻവലിച്ചു. എന്നാൽ, ക്യാമ്പിന് പുറത്ത് സൈനിക സാന്നിധ്യമുണ്ടെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. അതിനിടെ പരിക്കേറ്റവരെ പ്രവേശിപ്പിച്ച ഇബ്നുസീന ആശുപത്രിക്ക് സമീപം തമ്പടിച്ച ഫലസ്തീനികൾക്ക് നേരെയും വെടിവെപ്പുണ്ടായി.
അമേരിക്കയുടെ എതിർപ്പ് അവഗണിച്ച് ഫലസ്തീനിലെ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ കുടിയേറ്റം വ്യാപിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്. 4560 വീടുകൾക്ക് അടുത്തയാഴ്ച നടക്കുന്ന സുപ്രീം പ്ലാനിങ് കൗൺസിൽ അനുമതി നൽകുമെന്നാണ് റിപ്പോർട്ട്. 2000നുശേഷമുള്ള ഏറ്റവും വലിയ സംഘർഷസാഹചര്യത്തിലൂടെയാണ് മേഖല കടന്നുപോകുന്നത്.
മേഖലയിൽ സമാധാനം സാധ്യമാക്കാൻ കുടിയേറ്റം വ്യാപിപ്പിക്കാനുള്ള പദ്ധതി നിർത്തിവെക്കണമെന്ന് യു.എസ് ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു. 1,332 വീടുകൾക്ക് അന്തിമ അനുമതി ലഭിക്കുമെന്നും ബാക്കി പ്രാഥമിക ക്ലിയറൻസ് നടപടി ഘട്ടത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇസ്രായേലിൽ ബെൻ ഗാവിർ നയിക്കുന്ന തീവ്ര വലതുപക്ഷ പാർട്ടിയുടെ പിൻബലത്തോടെ അധികാരത്തിലെത്തിയ നെതന്യാഹു ഭരണകൂടം ഫലസ്തീന്റെ മണ്ണിൽ കുടിയേറ്റം വ്യാപിപ്പിക്കുമെന്ന പ്രഖ്യാപിത നിലപാടിലാണ്.
7000ത്തിലേറെ ഭവന യൂനിറ്റുകൾക്കാണ് പുതിയ ഭരണകൂടം അനുമതി നൽകിയത്. ഇതിൽ അധികവും വെസ്റ്റ് ബാങ്കിലാണ്. കുടിയേറ്റം തുടരുമെന്നും മേഖലയിൽ ഇസ്രായേലിന്റെ ശക്തി വർധിപ്പിക്കുമെന്നും പ്രതിരോധത്തിന്റെ കൂടി ചുമതല വഹിക്കുന്ന ധനമന്ത്രി ബെസലിസ് സ്മോട്ട്റിച് പറഞ്ഞു.
വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ കുടിയേറ്റം വ്യാപിപ്പിക്കുന്നത് അനധികൃതമാണെന്ന് ഭൂരിഭാഗം രാജ്യങ്ങളും വ്യക്തമാക്കിയിരുന്നു. ഫലസ്തീൻ -ഇസ്രായേൽ പ്രശ്നത്തിന്റെ അടിസ്ഥാനം തന്നെ ഇസ്രായേൽ കുടിയേറ്റ പദ്ധതികളിലൂടെ ഫലസ്തീൻ ഭൂമി കവരുന്നതാണ്. ഫലസ്തീൻ സമാധാന ചർച്ച 2014 മുതൽ നിലച്ചിരിക്കുകയാണ്.
സംഘർഷങ്ങളുണ്ടാകുമ്പോൾ ഇടക്കിടെ ഒറ്റപ്പെട്ട ചർച്ചകൾ നടക്കാറുണ്ടെങ്കിലും അതിന് എല്ലാ വിഭാഗങ്ങളുടെയും പിന്തുണയില്ല. ഇസ്രായേൽ കുടിയേറ്റക്കാരും ഫലസ്തീനികളും തമ്മിൽ സംഘർഷം വ്യാപകമാണ്. വെസ്റ്റ് ബാങ്കിൽ പരിമിതമായ സ്വയംഭരണാവകാശമുള്ള ഫലസ്തീൻ അതോറിറ്റി തിങ്കളാഴ്ച നിശ്ചയിച്ച സംയുക്ത സാമ്പത്തികസമിതി ബഹിഷ്‍കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രായേൽ നടപടി അപലപിച്ച ഹമാസ് ഫലസ്തീനികൾ ഇതിനെ എല്ലാ അർഥത്തിലും ചെറുക്കുമെന്ന് പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.