മെഡിറ്ററേനിയൻ കടലിൽ ഹെലികോപ്റ്റർ തകർന്ന് അഞ്ച് യു.എസ് സൈനികർ മരിച്ചു
text_fieldsവാഷിങ്ടൺ: പരിശീലനത്തിനിടെ മെഡിറ്ററേനിയൻ കടലിൽ ഹെലികോപ്റ്റർ തകർന്ന് അഞ്ച് യു.എസ് സൈനികർ മരിച്ചു. സൈനിക പരിശീലനത്തിന്‍റെ ഭാഗമായുള്ള പതിവ് എയർ ഇന്ധനം നിറയ്ക്കൽ ദൗത്യത്തിനിടെയാണ് ഹെലികോപ്ടർ അപകടത്തിൽപ്പെടുകയും മെഡിറ്ററേനിയൻ കടലിലേക്ക് തകർന്നു വീഴുകയും ചെയ്തത്. വിമാനത്തിലുണ്ടായിരുന്ന അഞ്ച് അമേരിക്കൻ സൈനികർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
വൈറ്റ് ഹൗസിൽ നിന്നുള്ള പ്രസ്താവനയിൽ പ്രസിഡന്‍റ് ജോ ബൈഡൻ മരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചു. 'ഞങ്ങളുടെ സുരക്ഷാ അംഗങ്ങൾ എല്ലാ ദിവസവും നമ്മുടെ രാജ്യത്തിനായി അവരുടെ ജീവിതം സമർപ്പിക്കുന്നു. അമേരിക്കൻ ജനതയെ സുരക്ഷിതമായി നിലനിർത്താൻ അവർ റിസ്ക് എടുക്കുന്നു. അവരുടെ ധീരതയും നിസ്വാർത്ഥതയും അംഗീകരിക്കപ്പെടണ്ടതാണ്.' ബൈഡൻ പറഞ്ഞു. പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും അനുശോചനം രേഖപ്പെടുത്തി.
കഴിഞ്ഞ സെപ്റ്റംബറിൽ സൗത്ത് കരോലിനയിൽ ഒരു എഫ്-35 സ്റ്റെൽത്ത് യുദ്ധവിമാനം തകർന്നുവീണത് ഉൾപ്പെടെ സമീപ വർഷങ്ങളിൽ യു.എസ് മിലിട്ടറി വിമാനങ്ങളുടെ മറ്റ് നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ഏപ്രിലിൽ അലാസ്കയിലെ ഒരു വിദൂര പ്രദേശത്ത് പരിശീലന ദൗത്യം കഴിഞ്ഞ് മടങ്ങുകയായിരുന്ന രണ്ട് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് മൂന്ന് യു.എസ് സൈനികർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം കെന്റക്കിയിൽ രാത്രികാല പരിശീലനത്തിനിടെ രണ്ട് യു.എസ് ആർമി ഹെലികോപ്റ്ററുകൾ തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന ഒമ്പത് സൈനികരും കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.