റൺവേയിൽ മുതല; വിമാനം നിർത്തിയിട്ട് 'സഹകരിച്ച്' പൈലറ്റുമാർ
text_fieldsവിമാനത്താവള റൺവേകളിൽ വല്ല പക്ഷിയോ പാമ്പോ പാറ്റയോ ഒക്കെ വന്നിരിക്കാറുള്ളത് അത്ര അസ്വാഭാവികമല്ല. എന്നാൽ യു.എസിലെ സൗത്ത് കരോലിനയിലെ ഷാർലെസ്റ്റോൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അതിഥിയായെത്തിയത് ഒരു മുതലയാണ്. ഇതോടെ പറന്നുയരാൻ കാത്തുനിന്ന വിമാനങ്ങൾ കുറച്ചുനേരത്തേക്ക് പിടിച്ചിട്ടു. പൈലറ്റുമാർ മുതല കടന്നുപോയ ശേഷം നമ്മുക്ക് യാത്ര തുടരാമെന്ന് യാത്രക്കാരെ അറിയിക്കുകയും ചെയ്തു.
സൗത്ത് കരോലിനയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നായ ഷാർലെസ്റ്റോണിലാണ് കഴിഞ്ഞ വാരാന്ത്യത്തിൽ അസാധാരണമായ സംഭവം നടന്നത്. യാത്രക്കാരാണ് ആദ്യം വിമാനത്തിന്റെ ജനാലയിലൂടെ മുതലയെ കണ്ടത്. ഇതോടെ വിമാനത്താവളത്തിൽ നിന്ന് രാത്രി ഏഴുമണിയോടെ പറന്നുയരേണ്ടിയിരുന്ന വിമാനങ്ങൾ വൈകി. ഈ അസാധാരണ സംഭവത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.
പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, മുതലയെ ഓടിച്ചുവിടാൻ വിമാനത്താവള ഉദ്യോഗസ്ഥർ ശ്രമിച്ചില്ല. പകരം റൺവേയിലൂടെ മുതലയെ കടന്നുപോകാൻ അനുവദിക്കുകയായിരുന്നു. ഈ സമയം വിവിധ എയർലൈനുകളുടെ വിമാനങ്ങൾ ക്ഷമയോടെ കാത്തിരുന്നു. ഡെൽറ്റ വിമാനം പറന്നുയരാനുള്ള കാലതാമസത്തെക്കുറിച്ച് ഫ്ലൈറ്റ് അനൗൺസ്മെന്റും നടത്തി.
ഏതാനും മാസങ്ങൾക്ക് മുമ്പ് യു.എസ് നേവി എയർബേസിലും സമാനമായ സംഭവം നടന്നിരുന്ന. അന്ന് റൺവേയിൽ വെയിൽ കായാനെത്തിയ മുതലയെ പിടികൂടാൻ പട്ടാളക്കാർ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് വന്യജീവി ഉദ്യോഗസ്ഥരെത്തിയാണ് മുതലയെ മാറ്റിയത്. ഷാർലെസ്റ്റോൺ അന്താരാഷ്ട്ര വിമാനത്താവളത്തിന് ചുറ്റുമുള്ള പ്രദേശം നിരവധി ഉരഗങ്ങളുടെ ആവാസ കേന്ദ്രമാണ്. ഇതാണ് പുതിയ സംഭവവികാസങ്ങൾക്ക് പിന്നിലെന്നും മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.