‘അവസാന വാക്കുകൾ പറയാൻ സമയമായോ?’ വിമാനം അപകടത്തിൽപെടുന്നതിന് തൊട്ടുമുമ്പ് ബന്ധുവിന് യാത്രക്കാരന്‍റെ സന്ദേശം
text_fieldsസിയോൾ: മുവാനിലെ വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയ വിമാനയാത്രക്കാരന്റെ ബന്ധുവിന്റെ മെബൈൽ ഫോണിൽ എത്തിയത് ഒരു സന്ദേശം. ‘അവസാന വാക്കുകൾ പറയാൻ സമയമായോ?’ എന്നായിരുന്നു അപകടത്തിൽപെട്ട വിമാനത്തിലെ യാത്രക്കാരന്റെ വാക്കുകൾ. അതിന് തൊട്ടുമുമ്പ് വിമാനത്തിന്റെ ചിറകിൽ പക്ഷി കുടുങ്ങിയെന്നും അദ്ദേഹം സന്ദേശമയച്ചിരുന്നു. തൊട്ടുപിന്നാലെ ദുരന്തവാർത്തയുമെത്തി.
റൺവേയിൽനിന്ന് തെന്നിമാറിയ വിമാനം മതിലിലിടിച്ച് കത്തിയമരുകയായിരുന്നു. ദക്ഷിണ കൊറിയയുടെ ചരിത്രത്തിലെ വലിയ ദുരന്തങ്ങളിലൊന്നാണ് മുവാനിലുണ്ടായത്. വിമാനത്തിലെ 179 യാത്രക്കാരും മരണത്തിന് കീഴടങ്ങി. യാത്രക്കാരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാനാവാതെ വിമാനത്താവള അധികൃതരും കുഴങ്ങി.
വാർത്ത അറിഞ്ഞതോടെ തങ്ങളുടെ പ്രിയപ്പെട്ടവരെ അന്വേഷിച്ച് വിമാനത്താവളത്തിലേക്ക് നിരവധി പേരാണെത്തിയത്. മരിച്ചവരുടെ പേരുകൾ അധികൃതർ പ്രഖ്യാപിച്ചതോടെ പ്രാർഥനകൾ കൂട്ടക്കരച്ചിലായി മാറി.
വിമാന അപകടകാരണത്തിൽ അവ്യക്തത
ദക്ഷിണ കൊറിയയിലെ മുവാൻ വിമാനത്താവളത്തിൽ 179 പേരുടെ മരണത്തിനിടയാക്കിയ വിമാന അപകടത്തിന്റെ കാരണം സംബന്ധിച്ച് ആശയക്കുഴപ്പം. ലാൻഡിങ് ഗിയറിന്റെ തകരാറാണ് വിമാന അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
എന്നാൽ, പക്ഷികൾ ഇടിച്ചതാണോ എന്നതും പരിശോധിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. മോശം കാലാവസ്ഥയാണ് ദുരന്തത്തിന് കാരണമായതെന്ന് മുവാൻ ഫയർ സ്റ്റേഷൻ മേധാവി ലീ ജിയോങ്ഹ്യുൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികൂല കാലാവസ്ഥയോടൊപ്പം പക്ഷികൾ ഇടിച്ചതുമാകാം അപകടകാരണമായതെന്നാണ് അനുമാനിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലാൻഡിങ്ങിന് മുമ്പായി പക്ഷികളുടെ സാന്നിധ്യം സംബന്ധിച്ച് എയർ ട്രാഫിക് കൺട്രോൾ വിഭാഗം പൈലറ്റിന് വിവരം നൽകിയിരുന്നു. പിന്നീട് മറ്റൊരിടത്ത് ലാൻഡിങ്ങിന് അനുമതിയും നൽകി. വിമാനത്തിന്റെ ചിറകിൽ പക്ഷി കുടുങ്ങിയെന്ന് യാത്രക്കാരൻ ബന്ധുവിന് സന്ദേശം അയച്ചതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എന്നാൽ, ലാൻഡിങ് ഗിയർ പ്രവർത്തിച്ചിരുന്നില്ലെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. എയർപോർട്ടിലെ എമർജൻസി ഉദ്യോഗസ്ഥരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച അപകട ദൃശ്യങ്ങളിലും ഇക്കാര്യം വ്യക്തമാണ്. അതിനിടെ, ലാൻഡിങ് സമയത്തെ വിമാനത്തിന്റെ വേഗം സംബന്ധിച്ച് സംശയമുന്നയിച്ച് മുൻ പൈലറ്റുമാർ സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയിട്ടുണ്ട്. മൂന്നുകിലോമീറ്റർ താഴെ മാത്രം നീളമുള്ള റൺവേയിൽ അതിവേഗത്തിലാണ് ലാൻഡിങ് നടന്നതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ബെല്ലി ലാൻഡിങ് (ലാൻഡിങ് ഗിയർ പ്രവർത്തിക്കാത്തപ്പോൾ നടത്തുന്ന ക്രാഷ് ലാൻഡിങ്) നടത്തുന്നതിന് മുമ്പായി വിമാനങ്ങൾ ആകാശത്ത് വട്ടമിട്ട് പറക്കാറുണ്ടെന്നും സർവസജ്ജരായി അഗ്നിരക്ഷസേന റൺവേക്ക് സമീപം നിലയുറപ്പിക്കാറുണ്ടെന്നും അവർ പറയുന്നു.
എന്നാൽ, ഇത്തരം കാര്യങ്ങളൊന്നും മുവാനിൽ ഉണ്ടായിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. വിമാനം തകരുന്നതിനിടെ നിരവധി സ്ഫോടനശബ്ദം കേട്ടതായും ദൃക്സാക്ഷികൾ പറഞ്ഞു. ബ്ലാക്ക് ബോക്സ് പരിശോധനയിലൂടെ അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് അധികൃതർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.