രുചികരമായ 'കറുത്ത അരയന്ന മാംസം' കഴിക്കൂ...; ഭക്ഷ്യക്ഷാമത്തിനിടയിൽ ജനങ്ങളോട് ഉത്തരകൊറിയ
text_fieldsഉത്തരകൊറിയ കടുത്ത ഭക്ഷ്യക്ഷാമം നേരിടുകയാണ്. ക്ഷാമം നേരിടാനായി 2025 വരെ ഭക്ഷണം നിയന്ത്രിക്കണമെന്ന് ഭരണാധികാരി കിം ജോങ് ഉന്‍ രാജ്യത്തെ ജനങ്ങളോട് ഉത്തരവിട്ടുകഴിഞ്ഞു. കോവിഡ് മഹമാരിക്ക് പിന്നാലെ, രാജ്യാതിർത്തികൾ അടച്ചതാണ് ഉത്തര കൊറിയ ഇപ്പോൾ നേരിടുന്ന പ്രതിസന്ധിക്ക് കാരണം. ഭക്ഷണം, വളം, ഇന്ധനം എന്നിവയ്ക്കായി അവർ ആശ്രയിച്ചുവന്നിരുന്നത് ചൈനയെ ആയിരുന്നു.
ഭക്ഷ്യപ്രതിസന്ധികൾക്കിടയിൽ രാജ്യത്ത് കറുത്ത അരയന്ന മാംസത്തിെൻറ ഉപഭോഗവും അരയന്നങ്ങളുടെ ബ്രീഡിങ്ങും പ്രോത്സാഹിപ്പിച്ചിരിക്കുകയാണ് ഉത്തരകൊറിയ. സർക്കാരിന് കീഴിലുള്ള മാധ്യമമാണ് പ്രോട്ടീൻ അടങ്ങിയതിനാൽ മികച്ച ഭക്ഷണമെന്ന നിലയിൽ കറുത്ത അരയന്ന മാംസം കഴിക്കാൻ ജനങ്ങളോട് നിർദേശിച്ചിരിക്കുന്നത്. 'കറുത്ത അരയന്നത്തിെൻറ മാംസം അതീവ രുചികരവും ഔഷധമൂല്യം ഉള്ളതുമാണ്'. -ഭരണകക്ഷിയുടെ കീഴിലുള്ള റോഡോങ് സിൻമുൻ പത്രം പറയുന്നു.
അതേസമയം, അവശേഷിക്കുന്ന ഒാരോ അരിമണിയും സുരക്ഷിതമായി ശേഖരിച്ചുവെക്കാനും കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്താനും ഭരണാധികാരിയായ കിം ജോങ് ഉൻ രാജ്യത്തെ നിയമനിർമാതാക്കളോട് ഉത്തരവിട്ടതായും റിപ്പോർട്ടുകളുണ്ട്.
സ്വയംപര്യാപ്തത വർദ്ധിപ്പിക്കുന്നതിനായി 2019 മുതൽ അധികാരികൾ രാജ്യത്തെ സ്കൂളുകളോടും ഫാക്ടറികളോടും വ്യവസായങ്ങളോടും കൃഷിയിലൂടെയും മറ്റും ഭക്ഷണം ഉത്പാദിപ്പിക്കാനും ഭക്ഷ്യയോഗ്യമായ വളർത്തുമൃഗങ്ങളെ വളർത്താനും ആവശ്യപ്പെട്ട് വരുന്നതായി സിയോൾ ആസ്ഥാനമായുള്ള എൻകെ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
മഹാമാരിക്ക് മുമ്പ് 40 ശതമാനം ഉത്തരകൊറിയക്കാരും ഭക്ഷ്യ അരക്ഷിതാവസ്ഥയിലായിരുന്നെന്നും എന്നാൽ, കോവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷമായി ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ രാജ്യത്തെ രൂക്ഷമായ ഭക്ഷ്യ ക്ഷാമത്തിെൻറ അപകടത്തിലേക്ക് നയിച്ചതായി ഈ മാസം ആദ്യം പുറത്തുവന്ന യുഎൻ ഇൻവെസ്റ്റിഗേറ്ററുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ, യു.എൻ റിപ്പോർട്ട് പിന്നീട് ഉത്തര കൊറിയ നിഷേധിച്ചിരുന്നു.
കറുത്ത അരയന്നം
കറുത്ത തൂവലുകളുള്ള പ്രത്യേകതരം അരയന്നങ്ങളാണ് Black Swan അല്ലെങ്കിൽ കറുത്ത അരയന്നം. ആസ്ത്രേലിയയുടെ തെക്കുകിഴക്കൻ, തെക്കുപടിഞ്ഞാറൻ മേഖലകളിലാണ് ഈ പക്ഷികൾ പ്രധാനമായും കാണപ്പെടുന്നത്. ന്യൂസിലന്റിൽ ഉണ്ടായിരുന്നെങ്കിലും തുടർച്ചയായ വേട്ടയാടൽ മൂലം ഈ പക്ഷികൾ അവിടെനിന്ന് അപ്രത്യക്ഷമായിരുന്നു. എന്നാൽ, പിൽക്കാലത്ത് വീണ്ടും അവിടേക്ക് അവയെ എത്തിക്കുകയും പെറ്റുപെരുകുകയുമായിരുന്നു. ഉത്തരകൊറിയയിലും വ്യാപകമായി ഇവയെ കാണപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.